തിരുവനന്തപുരം : ടി.പി. സെൻകുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവു സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും വിധിയുടെ അടിസ്ഥാനത്തിൽ ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പുറ്റിങ്ങൽ വെടിക്കെട്ട്, ജിഷ കേസ് എന്നിവ കൈകാര്യം ചെയ്തതിലെ വീഴ്ചയാണു സെൻകുമാറിനെ മാറ്റിയതിനുള്ള കാരണമായി സർക്കാർ പറഞ്ഞിരുന്നത്. സെൻകുമാർ ഒരു കൃത്യവിലോപവും കാട്ടിയിട്ടില്ലെന്നാണു സുപ്രീംകോടതി പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും ചെന്നിത്തല പറഞ്ഞു. ടി.പി.സെൻകുമാർ നല്ല ഉദ്യോഗസ്ഥനാണ്. രണ്ടു കേസുകളുടെ പേരിലാണു അദ്ദേഹത്തെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതെങ്കിൽ ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്റയെ പത്തു തവണയെങ്കിലും മാറ്റേണ്ട സമയം കഴിഞ്ഞില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തെ അധിക്ഷേപിച്ച മന്ത്രി എം.എം. മണി ഉടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്കാരശൂന്യവും അന്തസില്ലാത്തതുമായ വാക്കുകളാണ് ഒരു മന്ത്രിയിൽ നിന്ന് ഉണ്ടായത്. ഈ മന്ത്രി കേരള സമൂഹത്തിനാകെ നാണക്കേടാണ്. മന്ത്രിയായി മണി തുടരുന്ന ഓരോ നിമിഷവും കേരളത്തിലെ ജനങ്ങൾ ലജ്ജകൊണ്ടു തലകുനിക്കുകയാണ്. ഇപ്പോൾ പൊമ്പിള ഒരുമൈ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥരെ പരസ്യമായി മന്ത്രി എം.എം.മണി അപമാനിച്ചിട്ടും ഒരു ഐഎഎസ് അസോസിയേഷനും ഇതുവരെയും പ്രതികരിച്ചു കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു സാംസ്കാരിക നായകന്മാരുടെയും വാ അടഞ്ഞ അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.