തിരുവനന്തപുരം: വീട്ടുപയോഗത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് പത്ത് പൈസ മുതൽ 50 പൈസ വരെ വർധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ദാരിദ്യരേഖയ്ക്കു താഴെയുള്ളവർക്ക് നിരക്കു വർധനയില്ല. മാസം 400 യൂണിറ്റിലേറെ ഉ പയോഗിക്കുന്നവർക്കും നിരക്കു കൂട്ടിയില്ല. ചില വിഭാഗങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതിനൊപ്പം ചില ഗാർഹികേതര വിഭാഗങ്ങളിലും നിരക്കു വർധന നടപ്പിലാക്കി. നിരക്കുവർധനയിലൂടെകെ എസ് ഇ ബി ലിമിറ്റഡിന് 550 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. ഇതിൽ 300 കോടി രൂപയും ഗാർഹിക ഉപയോക്താക്കളിൽനിന്നാണു ലഭിക്കുക. എൻഡോസൾഫാൻ ദുരന്തബാധിതർക്കു പ്രതിമാസം 150 യൂണിറ്റ് വരെ യൂണിറ്റിന് 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകും. കാർഷികവിഭാഗത്തിനു നിരക്കു വർധനയില്ല. നിലവിലുള്ള നിരക്കായ യൂണിറ്റിനു രണ്ടു രൂപ തുടരും. നിലവിൽ ഭക്ഷ്യ- ധാന്യ വിളകൾക്കു മാത്രം സൗജന്യ നിരക്കിനു വൈദ്യുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി മുതൽ എല്ലാ കാർഷിക വിളകൾക്കും ഈ നിരക്കിൽ വൈദ്യുതി നൽകും. പച്ചക്കറികൾ, പഴവർഗങ്ങൾ, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, ജാതി, ഗ്രാമ്പു എന്നിവയ്ക്കും ഏലം, കാപ്പി തുടങ്ങിയ വാണിജ്യവിളകൾക്കും ജലസേചനത്തിനു രണ്ടു രൂപ നിരക്കിൽ വൈദ്യുതി നൽകും. ...........പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് 2.80 രൂപയിൽ നിന്ന് 2.90 രൂപയായി വർധിക്കും. 51 മുതൽ 100 യൂണിറ്റ് വരെ 3.20 രൂപ എന്നത് 3.40 ആയും, 101 മുതൽ 150 വരെ 4.20 രൂപ എന്നത് 4.50 ആയും, 151 മുതൽ 200 യൂണിറ്റ് വരെ 5.80 രൂപ എന്നത് 6.10 രൂപയായും 201 മുതൽ 250 യൂണിറ്റ് വരെ ഏഴു രൂപ എന്നത് 7.30 രൂപയായും വർധിക്കും. ഈ വിഭാഗത്തിൽ ടെലിസ്കോപിക് (സ്ലാബിനനുസരിച്ചു നിരക്കുകൾ മാറുന്ന രീതി) നിരക്കുകളായിരിക്കും ബാധകമാകുക. ഈ വിഭാഗത്തിൽ ഫിക്സഡ് ചാർജ് സിംഗിൾ ഫേസിനു മാസം 20 രൂപയിൽനിന്ന് 30 രൂപയായും ത്രീ ഫേസിന് 60 രൂപയിൽ നിന്ന് 80 രൂപയായും വർധിക്കും. 250 യൂണിറ്റിൽ കൂടുതൽ പ്രതിമാസ ഉപയോഗമുള്ള ഗാർഹിക ഉപയോക്താക്കൾക്ക് ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ഈടാക്കുന്ന നോണ് ടെലിസ്കോപിക് നിരക്കുകളനുസരിച്ചായിരിക്കും വൈദ്യുതി ചാർജ് നിശ്ചയിക്കുക. ഈ വിഭാഗത്തിൽ പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് അഞ്ചു രൂപയിൽ നിന്ന് 5.50 രൂപയായി വർധിക്കും. 350 യൂണിറ്റ് വരെ 5.70 രൂപ എന്നത് 6.20 രൂപയായും 400 യൂണിറ്റ് വരെ 6.10 രൂപ എന്നത് 6.50 രൂപയായും വർധിക്കും.400 യൂണിറ്റിനു മുകളിൽ 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 6.70 രൂപയായും 500 യൂണിറ്റിനു മേൽ ഉപയോഗിക്കുന്നവരുടെ നിരക്ക് 7.50 രൂപയായും തുടരും.