വിഴിഞ്ഞം: നഗരവാസികൾക്കായി പണം നിറച്ച് എടിഎമ്മുകൾ ഭദ്രമാക്കിയപ്പോൾ പിന്നോക്ക മേഖലയിലെ പ്രവർത്തനം ഇന്നലെയും തോന്നും പടിയായി. അഞ്ഞൂറിന്റെ നോട്ടുകൾ എത്തുന്നതോടെ എല്ലാം പഴയപടിയാകുമെന്ന അറിയിപ്പ് റൂറൽ മേഖലയിൽ ഫലവത്തായില്ല. പണമെടുക്കാനായി പലയിടങ്ങളിൽ നിന്നെത്തിയവരും ഒഴിഞ്ഞ എടിഎം മെഷീൻ കണ്ട് മടങ്ങി. ഷട്ടറുകൾ പകുതി താഴ്ത്തിവച്ചും പ്രവർത്തനരഹിതമെന്ന ചെറിയ ബോർഡ് വെച്ചും ചിലയിടങ്ങളിൽ ജനത്തെ മുൻകൂട്ടി അറിയിച്ചു . പതിവ് പോലെ ശീതികരണ സംവിധാനത്തോടെ ചില എടിഎമ്മുകൾ തുറന്നിരുന്നെങ്കിലും ഏറെ പ്രതീക്ഷയോടെ കയറിയവരുടെ മടക്കം നിരാശജനകമായിരുന്നു. വിഴിഞ്ഞം, കോവളം, പൂവാർ ,കാഞ്ഞിരംകുളം ഉൾപ്പെടെയുള്ള പിന്നോക്ക പ്രദേശങ്ങളിലെ കൗണ്ടറുകളിൽ ചിലതിൽ രാവിലെ പണമുണ്ടായിരുന്നെങ്കിലും ഉച്ചയോടെ അതും കാലിയായി. വിഴിഞ്ഞം, കോവളം മേഖലയിൽ എ.ടി.എമ്മുകൾ പ്രവർത്തനരഹിതമായത് വിദേശികളെയും അന്യസംസ്‌ഥാന സഞ്ചാരികളെയും ഏറെ വലച്ചു. സുരക്ഷിതമായ വിനിമയ മാർഗ്ഗം ബാങ്ക് എന്ന് കരുതി പണമടച്ച ശേഷം കേരളം കാണാനെത്തിയ സഞ്ചാരികളുടെ ആശ്രയമായിരുന്നു ഈ കൗണ്ടറുകൾ, പണമില്ലാതെ വലഞ്ഞവർ ഇന്നലെയും പലയിടവും കയറിയിറങ്ങി. ആൾക്കാർക്ക് നൽകാൻ പണമില്ലാതെ വന്നതോടെ ചില ബാങ്കുകൾ അക്കൗണ്ടുള്ളവർക്ക് മാത്രമായി ചുരുക്കിയതായും പരാതിയുണ്ട്