തിരുവനന്തപുരം : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന്റെ ഭൂരിപക്ഷം കാൽലക്ഷത്തോളം കുറയ്ക്കാൻ കഴിഞ്ഞതും ഇടതുമുന്നണിക്ക് ഒരു ലക്ഷത്തിലേറെ വോട്ടു വർധിപ്പിക്കാൻ കഴിഞ്ഞതും എൽഡിഎഫിനു ജനങ്ങൾ നൽകിയ അംഗീകാരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റേയും ഏറ്റവും ശക്തമായ മണ്ഡലമാണു മലപ്പുറം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു ലക്ഷത്തിനടുപ്പിച്ചുള്ള വോട്ടാണ് ഇ. അഹമ്മദിന് ഭൂരിപക്ഷം ലഭിച്ചിരുന്നത്. അന്നു പ്രത്യേകമായി മത്സരിച്ചിരുന്ന എസ്ഡിപിഐയ്ക്ക് 47,853 വോട്ടും വെൽഫെയർ പാർട്ടിക്ക് 29,216 വോട്ടും ലഭിച്ചിരുന്നു. എസ്ഡിപിഐക്ക് കഴിഞ്ഞ തവണ 5.61 ശതമാനവും വെൽഫെയർ പാർട്ടിക്ക് 3.42 ശതമാനവും വോട്ടു ലഭിച്ചിരുന്നു. ഈ വോട്ടുകൂടി യുഡിഎഫിനു കണക്കാക്കിയാൽ 61 ശതമാനത്തിലേറെ വോട്ട് ലഭിക്കേണ്ടതാണ്. എന്നാൽ 55 ശതമാനം വോട്ടാണ് യുഡിഎഫ് നേടിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ യുഡിഎഫിന് 77,502 വോട്ടാണു വർധിച്ചത്. എസ്ഡിപിഐയുടേയും വെൽഫയർ പാർട്ടിയുടേയും 77,069 വോട്ടുകൾ അധികമായി ലഭിച്ചിട്ടും മുസ്ലിം സംഘടനകളെ മുഴുവൻ ഏകോപിപ്പിക്കാൻ ശ്രമിച്ചിട്ടും പ്രതീക്ഷിച്ച വിജയം നേടാൻ യുഡിഎഫിനു കഴിഞ്ഞില്ല. എൽഡിഎഫിന്റെ വോട്ടു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 1,01,303 വർധിപ്പിക്കാൻ കഴിഞ്ഞു...