ന്യൂഡൽഹി: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു ദേശീയ തലത്തിൽ ഒക്ടോബർ 30ന് പൂർത്തിയാക്കാൻ തീരുമാനം. ഇതനുസരിച്ചു കേരളത്തിൽ ഉൾപ്പെടെ പാർട്ടി അംഗത്വവിതരണം മേയ് 15ന് അവസാനിപ്പിക്കും. അംഗത്വവിതരണത്തിന് ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അഥോറിറ്റി യോഗം ചേർന്നാണു അംഗത്വവിതരണം, തെരഞ്ഞെടുപ്പു പൂർത്തിയാക്കാനുള്ള തീയതി എന്നിവ നിശ്ചയിച്ചത്. കേരളത്തിൽ അടക്കം ഓരോ സംസ്ഥാനത്തെയും സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമവും വിശദാംശങ്ങളും അതാത് പിസിസികളുമായി ആലോചിച്ചു പിന്നീടു തീരുമാനിക്കും. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്ത്യശാസനത്തിനു പിന്നാലെയാണു ഒക്ടോബറിൽ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.