മൂന്നാർ: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നു സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി സി.ആർ. ചൗധരി പ്രഖ്യാപിച്ചു ഡൽഹിക്കു മടങ്ങിയതിനു തൊട്ടുപിന്നാലെ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാൻ നേരിട്ടെത്തിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് സന്നാഹം കാഴ്ചകണ്ടു നോക്കിനിന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ സബ് കളക്ടർ അക്രമികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടും പോലീസ് അനങ്ങിയില്ല. അറസ്റ്റ്ചെയ്യാത്തതിന്റെ കാരണം എഴുതിനൽകാൻ ആവശ്യപ്പെട്ടപ്പോൾ ചടങ്ങിനായി അക്രമികളിൽ ഒരാളെ പിടികൂടിയെങ്കിലും പരാതി ഇല്ലെന്ന കാരണംകാട്ടി പിന്നീടു വെറുതെവിടുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. ദേവികുളം സബ് കളക്ടറുടെ കാര്യാലയത്തിനു തൊട്ടുസമീപം ഒരു സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറ്റിയതും അവിടുത്തെ നിർമാണവും ഒഴിപ്പിക്കാൻ പോലീസുകാർ ഉൾപ്പെട്ട റവന്യു ഭൂസംരക്ഷണ സേന എത്തിയപ്പോൾ സിപിഎമ്മിന്റെ പഞ്ചായത്തു മെംബർ ഉൾപ്പെടെയുള്ള സംഘം തടയുകയായിരുന്നു. ഭൂസംരക്ഷണസേനാംഗത്തിനു നേരേ കൈയേറ്റവുമുണ്ടായി. ഇതോടെ സബ് കളക്ടർ എത്തി. അപ്പോൾ അദ്ദേഹത്തെ വളഞ്ഞിട്ടു കൈയേറ്റത്തിനു മുതിരുകയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തിട്ടും ഇടപെടാൻ പോലീസ് തയാറായില്ല. എന്നാൽ, കൈയേറ്റം ഒഴിപ്പിക്കാതെ മടങ്ങില്ലെന്നു സബ് കളക്ടർ നിലപാടു സ്വീകരിച്ചു. പ്രശ്നം രൂക്ഷമായതോടെ ജില്ലാ കളക്ടർ റവന്യു മന്തിയുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രി ഇടപെട്ടു പ്രതിരോധക്കാരെ പിൻവലിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ പാർട്ടി നിർദേശത്തെത്തുടർന്ന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർതന്നെ അനധികൃത നിർമാണം പൊളിച്ചുമാറ്റി. സബ് കളക്ടർക്കു സംരക്ഷണം നൽകുകയോ സർക്കാർദൗത്യം നിർവഹിക്കാൻ അവസരമുണ്ടാക്കുകയോ ചെയ്യാതെ പോലീസ് നോക്കിനിന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു സിപിഎം നടത്തിയ സമരം ഫലംകാണാതെ അവസാനിപ്പിക്കേണ്ടിവന്നതിന്റെ അരിശം തീർക്കാൻ സിപിഎം രംഗത്തുവന്നപ്പോൾ പോലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.