ജിഷ്ണു പ്രണോയിയുടെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് സിപിഎം നേതാക്കളായ വി.എസ്. അച്യുതാനന്ദനും സീതാറാം യെച്ചൂരിക്കും എം.എ. ബേബിക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാകാത്തത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. .........ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ ശക്തിവേലിനെ അറസ്റ്റുചെയ്തത് നാടകമായിരുന്നുവെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജിഷ്ണുവിന്റെ കുടുംബം എന്തിനു സമരം ചെയ്തുവെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. കേരളത്തിലെ ജനങ്ങൾക്കു മുഴുവനും മനസിലായത് മുഖ്യമന്ത്രിക്ക് മനസിലാകാത്തതുതന്നെയാണ് പ്രശ്നം............ ജിഷ്ണുവിന്റെ കുടുംബം അഞ്ച് ദിവസം നടത്തിയ സഹനസമരത്തെ അപഹസിക്കുന്നതാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ. ആശുപത്രിയിൽ ചെന്ന് ജിഷ്ണുവിന്റെ അമ്മയുമായി ചർച്ച നടത്തി ഒത്തുതീർപ്പാക്കിയശേഷം സമരത്തെ തള്ളിപ്പറയുന്നതും കരാറിൽനിന്നു പിന്നോക്കം പോകുന്നതും വഞ്ചനയാണ്. ജിഷ്ണുവിന്റ കുടുംബത്തെ മാത്രമല്ല, അവർക്കൊപ്പം നിൽക്കുന്ന കേരള ജനതയെയും മുഖ്യമന്ത്രി അപമാനിച്ചിരിക്കുകയാണ്.,............. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാണ്. കേസ് അട്ടിമറിക്കുന്നതിനും തേയ്ച്ചുമായ്ക്കുന്നതിനും കഴിയാവുന്നതെല്ലാം ചെയ്തു. ആത്മഹത്യയെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളാനാണ് പോലീസ് ആദ്യം മുതൽ ശ്രമിച്ചത്. തെളിവുകൾ നശിപ്പിക്കാൻ പോലീസ് കൂട്ടുനിന്നു. ഇടിമുറിയിലെയും കുളിമുറിയിലെയും രക്തപ്പാടുകൾ കണ്ടില്ലെന്ന് നടിച്ചു. ജിഷ്ണുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ എഫ്ഐആറിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലും രേഖപ്പെടുത്തിയില്ല. ജനുവരി ആറിനാണ് ജിഷ്ണുവിന്റെ മരണം. ഒന്നര മാസം കഴിഞ്ഞ്, ഫെബ്രുവരി 13നാണ് എഫ്ഐആർ ഇടുന്നത്. പ്രതികളെ രക്ഷിക്കുന്നതിനായി കേസിൽ പഴുതുകൾ ഇട്ടു. കോടതിയുടെ വിമർശനത്തിന് ഇത് കാരണമായി. പ്രതികൾ കണ്വെട്ടത്ത് ഉണ്ടായിട്ടും അറസ്റ്റുചെയ്തില്ല. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ജനരോഷം ഉയർത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് ശക്തിവേലിനെ അറസ്റ്റുചെയ്തത്. അതും പിറ്റേന്ന് ജാമ്യം കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. പാർട്ടിക്കാരെ പറ്റിക്കുന്നതുപോലെ ജനങ്ങളെ കബളിപ്പിക്കാനാകില്ല. ഡിജിപി ഓഫീസിനു മുന്നിൽ നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതും ശരിയാണ്. മകൻ നഷ്ടപ്പെട്ടതിൽ മനസുനീറി നീതി തേടിയെത്തിയ ഒരമ്മയെയാണ് പോലീസ് വലിച്ചിഴച്ചത്. സമരത്തിനു സഹായികളായി എത്തിയവരെ പിടികൂടി തുറുങ്കിലടച്ചു. ഇതെല്ലാം നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. സമരം അവസാനിപ്പിക്കാൻ സിപിഐ നേതാവ് കാനം രാജേന്ദ്രൻ ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനുള്ള മറുപടി കാനം പറയും. ഡിജിപിയുടെ കാര്യാലയത്തിനു മുന്നിൽ ബഹളം ഉണ്ടാക്കിയതിനാണ് ഷാജഹാനെതിരേ നടപടിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പോലീസ് ആസ്ഥാനത്തു നടന്ന ബഹളത്തിൽനിന്നു മാറിനിന്നു സംസാരിച്ച ഷാജഹാനെയാണ് പിടികൂടിയത്. വ്യക്തിവിരോധം ഉണ്ടായിരുന്നുവെങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ നടപടി ഉണ്ടാകുമായിരുന്നില്ലേ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം വിചിത്രമാണ്. സെൽ ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. ഇതിനെ ജനങ്ങളെ അണനിരത്തി ചെറുക്കും. ജനാധിപത്യ, പൗരാവകാശങ്ങളുടെ ലംഘനം അനുവദിക്കില്ല-ചെന്നിത്തല പറഞ്ഞു.