തിരുവനന്തപുരം: സത്യമെന്തെന്ന് അന്വേഷിക്കാതെ ബ്രേക്കിംഗ് ന്യൂസിനായി ദൃശ്യമാധ്യമങ്ങൾ മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടക്കുന്ന യുവമാധ്യമ പ്രവർത്തക ക്യാന്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാളപെറ്റെന്നു കേട്ടാൽ കയറെടുക്കുന്നവരാണ് ചാനലുകൾ. ബ്രേക്കിംഗ് ന്യൂസ് എന്നാൽ ബ്രേക്ക് പൊട്ടിയ വാർത്തകളെന്നാണ്. ചാനലുകളിൽ വരുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പത്രങ്ങളിൽ വരാറില്ല. ഇക്കാര്യത്തിൽ ഒരു പെരുമാറ്റച്ചട്ടം സൂക്ഷിക്കുന്നവരാണ് അച്ചടി മാധ്യമങ്ങൾ. കേൾക്കുന്നതിലെ ശരിയെക്കുറിച്ച് അവർ അന്വേഷിക്കാറുണ്ട്. വൈകുന്നേരങ്ങളിലെ ചാനൽ ചർച്ചകൾ പരിഹാസ്യമായി മാറിയിട്ടുണ്ട്. അതിൽ പങ്കെടുക്കുന്നവരെ പ്രതിക്കൂട്ടിൽ നിർത്തി തങ്ങൾ ജഡ്ജിയാണെന്ന് ഭാവിച്ചാണ് ചാനലുകാർ കാര്യങ്ങൾ ചോദിക്കുന്നത്- ഹസൻ പറഞ്ഞു. മാധ്യമ രംഗത്ത് മുന്പുണ്ടായിരുന്ന ആദർശപരമായ കാഴ്ചപ്പാട് ഇന്നില്ലെന്നും കുറച്ചുകൂടി ഉത്തരവാദിത്തബോധം ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.