കണ്ണൂർ സർവകലാശാലയിലെ പീഡനം: പരാതിക്കാരായ വിദ്യാർഥിനികൾക്കു ഭീഷണി കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കിയ വിദ്യാർഥിനികൾക്കു മാങ്ങാട്ടുപറമ്പ് കാമ്പസിൽ പോലീസ് ചമഞ്ഞെത്തിയയാളുടെ ഭീഷണി. കണ്ണപുരം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞെത്തിയയാളാണ് വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയത്. ക്ലാസിൽ അധ്യാപനം നടക്കുന്നതിനിടെയാണു വിദ്യാർഥിനികളെ അന്വേഷിച്ചു പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി സർവകലാശാല കാമ്പസിലെത്തിയത്. ദീർഘനേരം ചോദ്യം ചെയ്തെന്നും മാനസികമായി കഠിനമായി പീഡനത്തിന് ഇരയാക്കിയെന്നും, അപായം ഭയന്നാണു സംഭവം നടന്നയുടനെ പരാതി നല്കാൻ തയാറാകാതിരുന്നതെന്നും വിദ്യാർഥിനികൾ കഴിഞ്ഞ ദിവസം വൈസ്ചാൻസലർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കി. വിദ്യാർഥിനികളുടെ പരാതി സർവകലാശാല അധികൃതർ പോലീസിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനു രാവിലെ പതിനൊന്നരയോടെ പ്രഫസർ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നല്കിയ പരാതിയെ കുറിച്ച് അന്വേഷിക്കാനെന്നു പറഞ്ഞാണ് ഒരാൾ മാങ്ങാട്ടുപറമ്പിലെ കാമ്പസിൽ എത്തിയതെന്ന് വിദ്യാർഥിനികൾ നല്കിയ പരാതിയിൽ വിശദീകരിച്ചു. ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനിടയായ സംഭവങ്ങളെ കുറിച്ചായിരുന്നു അയാളുടെ രൂക്ഷമായ ചോദ്യങ്ങൾ. എന്തുകൊണ്ട് ഗണിതശാസ്ത്രവിഭാഗം മേധാവിക്കുതന്നെ സംഭവംസംബന്ധിച്ച പരാതി നല്‍കിയില്ലെന്നു പോലീസ് വ്യാജൻ വിദ്യാർഥിനികളോടു കയർത്തു. പീഡനം നടത്തിയയാൾക്കു തന്നെ എന്തിനു പരാതി നല്‍കണമെന്നു വിദ്യാർഥിനികൾ തിരിച്ചുചോദിച്ചതോടെ ഇയാൾ കൂടുതൽ രോഷാകുല നായി. ഇയാളുടെ ചോദ്യങ്ങളിലും പെരുമാറ്റരീതികളിലും സംശയം തോന്നിയ വിദ്യാർഥിനികൾ തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയാറായില്ല. വിദ്യാർഥിനികളുടെ വീട്ടുകാരെ കുറിച്ചും അവരുടെ ജോലിയെ കുറിച്ചും വീടുകൾ സ്ഥിതിചെയ്യുന്ന യഥാർഥ സ്ഥലവും ഇയാൾ ചോദിച്ചറിഞ്ഞു. ഈ കേസിൽ ഗണിതശാസ്ത്ര വിഭാഗം മേധാവി മാത്രമേ വിജയിക്കുകയുള്ളൂവെന്നും നിങ്ങളുടെ കാര്യം ഒടുവിൽ ‘കട്ടപ്പൊക’ യായിരിക്കുമെന്നും ഇയാൾ പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗണിതശാസ്ത്ര മേധാവിക്കെതിരേ കേസെടുത്തു കണ്ണൂർ: കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവിക്കെതിരേ പീഡനത്തിന് കണ്ണപുരം പോലീസ് കേസെടുത്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ടി.വി. രാമകൃഷ്ണനെതിരേയാണ് കണ്ണപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗണിതശാസ്ത്ര സെമിനാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്നു പറഞ്ഞു മുറിയിലേക്കു വിളിപ്പിച്ചു വകുപ്പ് മേധാവി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ഡിസംബര്‍ 28 നാണു പരാതിക്ക് ആസ്പദമായ സംഭവം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവം നടന്നയുടന്‍ വിദ്യാര്‍ഥിനികള്‍ പേരുവയ്ക്കാതെ വൈസ് ചാന്‍സിലര്‍ക്കു പരാതി നല്കി.