പീഡനം മറച്ചു വയ്ക്കാൻ , കൈക്കൂലി കേസ് , സിഐക്ക് സസ്പെൻഷൻ കൊച്ചി: കൈക്കൂലി വാങ്ങി കേസൊതുക്കിയ സംഭവത്തിൽ എറണാകുളം നോർത്ത് സിഐയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ടി.ബി.വിജയനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് റേഞ്ച് ഐജി പി. വിജയൻ ഉത്തരവിറക്കിയത്. ഓപ്പറേഷൻ കുബേര കേസിൽ ഉൾപ്പെട്ട ചെല്ലമുത്തു എന്ന തമിഴ്നാട് സ്വദേശിയുടെ പക്കൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇയാൾക്കെതിരെയുള്ള കേസ് ഒതുക്കിയ സംഭവത്തിലാണ് സിഐ വിജയനെതിരെ കമ്മീഷണർ റിപ്പോർട്ട് നൽകിയത്. ചെല്ലമുത്തു അനധികൃതമായി പലിശ വാങ്ങി പണമിടപാടു നടത്തുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്താൻ സിഐയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ സിഐ ടി.ബി.വിജയൻ ചെല്ലമുത്തുവിൽനിന്നു പണം വാങ്ങി അനുകൂല റിപ്പോർട്ട് നൽകി. കൈക്കൂലി വാങ്ങിയതു സംബന്ധിച്ച് കമ്മീഷണർക്ക് വിവരം ലഭിച്ചു. തുടർന്ന് സിഐക്കെതിരെ അന്വേഷണം നടത്തുകയും ആരോപണം സത്യമാണെന്ന് തെളിയുകയും ചെയ്തു. തുടർന്ന് സിഐക്കെതിരേ കർശന നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറെ നാളായി സ്പെഷൽ ബ്രാഞ്ച് നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് സിഐ വിജയൻ. വിജയൻ സിഐ ആയി ചാർജ് എടുത്തതുമുതൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുണ്ടായിരുന്നതായി സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എസ്പി ആമോസ് മാമൻ പറഞ്ഞു. അദ്ദേഹത്തിനെതിരെ സമാനമായ പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. വിജയനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആമോസ് മാമൻ പറഞ്ഞു.