തിരുവനന്തപുരം: മാർച്ച് മാസത്തിൽ റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 28 കിലോ ഗ്രാം അരിയും ഏഴു കിലോഗ്രാം ഗോതന്പും സൗജന്യമായി ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മുൻഗണനാവിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതന്പും സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് (എൻപിഎസ്) ഓരോ അംഗത്തിനും രണ്ടു കിലോ ഗ്രാം അരിവീതം കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ ലഭിക്കും. രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെടാത്ത മുൻഗണനേതര വിഭാഗത്തിൽ പെട്ടവർക്ക് (എൻപിഎൻഎസ്) കാർഡിന് ആറ് കിലോഗ്രാം ഭക്ഷ്യധാന്യം (അരിയും ഗോതന്പുമുൾപ്പെടെ) അരി കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതന്പ് 6.70 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാർഡുടമകൾക്ക് അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത വീടുള്ള കാർഡുടമകൾക്ക് നാലു ലിറ്റർ വീതവും മണ്ണെണ്ണ ലിറ്ററിന് 21 രൂപ നിരക്കിൽ ലഭിക്കും.