ഹോളി ദിനത്തിൽ വിദ്യാർഥിനികളെ "പൂട്ടിയിട്ട്’ ഡൽഹി സർവകലാശാല ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലെ വിദ്യാർഥിനികൾക്കു ഹോളി ആഘോഷിക്കാൻ പുറത്തുപോകുന്നതിനു വിലക്ക്. സർവകലാശാലയുടെകീഴിലുള്ള രണ്ടു ഹോസ്റ്റലുകളിലെ വിദ്യാർഥിനികൾക്കാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർവകലാശാലയിലെ ഇന്‍റർനാഷണൽ സ്റ്റുഡന്‍റ്സ് ഹൗസ് ഫോർ വിമൻ അറിയിച്ചു. മാർച്ച് 12 വൈകിട്ട് ആറുമുതൽ മാർച്ച് 13 രാവിലെ ഒന്പതുവരെ ഹോസ്റ്റലിൽ താമസിക്കുന്നവരെയും വനിതാ അതിഥികളെയും ഹോസ്റ്റലിൽനിന്നു പുറത്തുപോകുന്നതു വിലക്കിയിട്ടുണ്ട്. അന്നേദിവസം പുറത്തുപോകുന്നതിന് അനുമതി നൽകുന്നതല്ല. ഹോളി ആഘോഷിക്കണമെന്നുള്ളവർക്ക് ഹോസ്റ്റലിലെ റെസിഡൻഷ്യൽ ബ്ലോക്കിനുള്ളിൽതന്നെ അതിനു സൗകര്യമുണ്ട്- ഇന്‍റർനാഷണൽ സ്റ്റുഡന്‍റ്സ് ഹൗസ് ഫോർ വിമൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. സർവകലാശാലയ്ക്കു കീഴിലെ മേഘ്ദൂത് ഹോസ്റ്റലിലെ താമസക്കാർക്കും സമാനമായ നിർദേശം നൽകിയിട്ടുണ്ട്. ഹോസ്റ്റൽ അന്തേവാസികൾ ഏതെങ്കിലും തരത്തിലുള്ള ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.