ട്രെയിനുകളിൽ ഭക്ഷണക്കൊള്ള; ചായയ്ക്കും വെള്ളത്തിനും വില തോന്നുംപടി കൊച്ചി: ട്രെയിനുകളിൽ യാത്രക്കാർ ഭക്ഷണത്തിനായി നൽകേണ്ടിവരുന്നത് കൊള്ളവില. റെയിൽവേയുടെ വിലവിവരപ്പട്ടികയിൽ കാണുന്നതിനേക്കാൾ കൂടിയ വിലയിലാണ് വിതരണക്കാർ ഭക്ഷണസാധനങ്ങൾ വിൽക്കുന്നത്. എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കംപാർട്ട്മെന്റുകളിലും പാസഞ്ചർ ട്രെയിനുകളിലും യാത്ര ചെയ്യുന്നവരാണു കൂടുതലായും തട്ടിപ്പിനിരയാകുന്നത്. ടീ ബാഗോടുകൂടിയ 150 മില്ലി ലിറ്റർ ചായയ്ക്കും കാപ്പിക്കും ഏഴ് രൂപയാണെന്നിരിക്കെ 10 രൂപയാണു വിതരണക്കാർ ഈടാക്കുന്നത്. മാത്രമല്ല, അളവിലും കുറവുണ്ട്. ഗുണനിലവാരം മിക്കപ്പോഴും മോശവുമായിരിക്കും. വിലയിലെ അന്തരം ആരെങ്കിലും ചോദ്യം ചെയ്താൽ അവരിൽനിന്നു യഥാർഥ വിലയേ ഈടാക്കൂ. ഒരു ലിറ്റർ റെയിൽ നീർ കുപ്പിവെള്ളത്തിന് 15 രൂപയാണെന്നിരിക്കെ 20 രൂപയാണ് വാങ്ങുന്നത്. അതേസമയം, സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ യഥാർഥ വിലയാണു വാങ്ങുന്നത്. ഉഴുന്നുവട, പരിപ്പുവട, സമൂസ എന്നിവ സ്റ്റാളുകളിൽ എട്ടു രൂപയ്ക്ക് വിൽക്കുന്പോൾ ട്രെയിനുകളിൽ 10 രൂപയാണു വില്പന. പായ്ക്കറ്റിലാക്കിയതും അല്ലാത്തതുമായ കടല, മസാലക്കടല എന്നീ ഭക്ഷണസാധനങ്ങൾ ക്കും അമിത വില വാങ്ങുന്നുണ്ട്. പലപ്പോഴും ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് ഇത്തരക്കാർ വിറ്റഴിക്കുന്നതും. സ്വകാര്യ ഏജൻസികളാണു ട്രെയിനുകളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത്. വില്പന നടത്തുന്നതു കൂടുതലും ഇതര സംസ്ഥാന തൊഴിലാളികളും. ഇവരാകട്ടെ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നോക്കമാണെന്നും ആക്ഷേപമുണ്ട്. ഭക്ഷണസാധനങ്ങൾ വില്ക്കാനായി കൊണ്ടുവരുന്നതു വൃത്തിഹീനമായ പാത്രങ്ങളിലാണ്. യാത്രക്കാർക്കുമുന്പേ ട്രെയിനിൽ കയറിപ്പറ്റാനുള്ള ഇവരുടെ ശ്രമവും യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.