കോട്ടയം: കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി കണക്ക് പരീക്ഷ ആകെ കുഴപ്പിച്ചെന്ന് വിദ്യാർഥികൾ. മുൻ വർഷങ്ങളിൽ പിന്തുടർന്നിരുന്ന ചോദ്യങ്ങളുടെ പാറ്റേൺ മാറ്റിയതാണ് വിദ്യാർഥികൾക്കു വിനയായി മാറിയത്. ആകെയുള്ള 16 ചോദ്യങ്ങളിൽ 13 എണ്ണവും ആപ്ലിക്കേഷൻ മാതൃകയിലുള്ള ചോദ്യങ്ങളായിരുന്നു. മുൻ വർഷങ്ങളിൽ അഞ്ചു മുതൽ ആറുവരെ ചോദ്യങ്ങൾ മാത്രമായിരുന്നു ഈ പാറ്റേണിൽ ഉണ്ടായിരുന്നത്. കൂടുതൽ ചിന്തയും കാൽക്കുലേഷനും ആവശ്യമാണ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക്. ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശരാശരി വിദ്യാർഥികൾക്ക് മിനിമം അഞ്ചു മിനിറ്റ് ആവശ്യമാണ്. ആകെയുള്ള 80 മാർക്കിൽ 13 മാർക്കിനു വേണ്ടിയുള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ മാത്രം വിദ്യാർഥികൾക്കു രണ്ടരമണിക്കൂറുള്ള പരീക്ഷയിൽ ഒരുമണിക്കൂർ വേണ്ടി വന്നു. ഇതു മൂലം മിക്ക വിദ്യാർഥികൾക്കും മുഴുവൻ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ സാധിച്ചില്ല. ഒന്ന് സി, മൂന്ന് എ, അഞ്ച് എ എന്നീ ചോദ്യങ്ങൾ വിദ്യാർഥികൾക്കു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. തൻമൂലം ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർഥികൾ പോലും ഇതിന്റെ ഉത്തരം കണ്ടെത്താൻ പ്രയാസപ്പെട്ടു. എട്ട് എ, ഒന്പത് ബി, 14 സി എന്നീ ചോദ്യങ്ങൾക്കാകട്ടെ ഉത്തരം കണ്ടെത്താൻ സമയം കൂടുതൽ ആവശ്യമായിരുന്നെങ്കിലും സമയത്തിനനുസരിച്ചുള്ള മാർക്ക് ഉണ്ടായിരുന്നില്ല. 16-ാമത്തെ ചോദ്യം ബുദ്ധിമുട്ടേറിയതിനൊപ്പം കുഴയ്ക്കുന്നതുമായിരുന്നു.