സ്കൂൾ കുട്ടികൾക്ക് ആധാർ നിർബന്ധമാക്കിയ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടി വിചിത്രവും അപഹാസ്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ ആധാറിന് എന്തുകാര്യമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടി വിചിത്രവും അപഹാസ്യവുമാണ്. മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ ഈ തീരുമാനത്തിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ പ്രയാസമുണ്ട്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കമെന്നു പറയുന്നു. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. അതിന്‍റെ സുതാര്യതയിലും കാര്യക്ഷമതയിലും ആധാറിന് എന്താണ് കാര്യം?- മുഖ്യമന്ത്രി ചോദിക്കുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സർക്കാരിന്‍റെ അനിവാര്യമായ ഉത്തരവാദിത്തമാണ്. അതിൽ സാങ്കേതിക തടസം സൃഷ്ടിക്കാനേ ഈ തീരുമാനം ഇടയാക്കൂ. രാജ്യത്ത് 13.16 കോടി കുട്ടികളിൽ 11.50 ലക്ഷം സ്കൂളുകളിലായി 10.03 കോടി കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്. ഈ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് അവർ വിദ്യാർഥികളാണ് എന്നതുകൊണ്ടാണ്. പാചകവാതക സബ്സിഡിയിൽ വെള്ളം ചേർത്ത രീതിയിൽ ഉച്ചഭക്ഷണത്തിലും കൈവയ്ക്കുന്നത് സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞു പോക്കിന്‍റെ തോത് വർധിപ്പിക്കാനിടയാക്കും. വിദ്യാഭ്യാസ പുരോഗതിക്ക് തടസമാകുന്ന ഈ തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.