പി.സി. ജോർജ് മർദിച്ചെന്ന പരാതി; ഇന്നു മഹസർ തയാറാക്കും തിരുവനന്തപുരം: പി.സി. ജോർജ് എംഎൽഎ മർദിച്ചെന്ന എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരന്റെ പരാതിയിൽ മഹസർ തയാറാക്കുന്നത് അടക്കമുള്ള തുടർ നടപടികൾക്കു സ്പീക്കർ അനുമതി നൽകി. ഇന്ന് എംഎൽഎ ഹോസ്റ്റലിലെത്തി പോലീസ് മഹസർ തയാറാക്കും. പി. സി. ജോർജിൽ നിന്നും സംഭവ സമയത്ത് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സണ്ണി ജോസഫിൽ നിന്നും മൊഴിയും രേഖപ്പെടുത്തും. സംഭവം നടന്ന സ്ഥലം എംഎൽഎ ഹോസ്റ്റൽ ആയതിനാലും എംഎൽഎക്കെതിരായിട്ടാണു പരാതി എന്നതിനാലും തുടർ നടപടികൾക്ക് അനുമതി ലഭിക്കുന്നതിന് പോലീസ് നിയമസഭാ സെക്രട്ടറിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. എംഎൽഎ ഹോസ്റ്റലിലെ പി.സി. ജോർജിന്റെ മുറിയിലേക്ക് ഉച്ചഭക്ഷണം എത്തിക്കാൻ കഫേ കുടുംബശ്രീ കാന്റിനീലെ ജീവനക്കാരൻ വൈകി എന്നാരോപിച്ചു ചീത്ത വിളിക്കുകയും മുഖത്തടിക്കുകയും ചെയ്തു എന്നാരോപിച്ചാണു പരാതി. പി.സി ജോർജിന്റെ സഹായിയും അടിച്ചുവെന്നു പരാതിക്കാരനായ മനു ആരോപിച്ചിരുന്നു. എന്നാൽ, ഊണ് എത്തിക്കാൻ വൈകിയ കന്റീൻ ജീവനക്കാരനോടു ദേഷ്യപ്പെടുക മാത്രമാണുണ്ടായതെന്നും അടിച്ചിട്ടില്ലെന്നുമാണു പി.സി ജോർജ് പറഞ്ഞത്.