കൊട്ടിയൂർ പീഡനം: മുഖംനോക്കാതെ നടപടി വേണമെന്ന് ആന്റണി കോഴിക്കോട്: കൊട്ടിയൂരിൽ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട സംഭവം ഏറ്റവും ഹീനമാണെന്ന് എ.കെ.ആന്റണി. വൈദികൻ ചെയ്തതു മാപ്പർഹിക്കാത്ത കുറ്റമാണ്. സംഭവത്തിൽ മുഖംനോക്കാതെ നടപടിയെടുക്കണം. കുറ്റവാളികളെ ശിക്ഷിച്ചാൽ മാത്രമേ മാറ്റമുണ്ടാകൂ. സംഭവത്തിൽ വൈദികനു പ്രത്യേക പരിഗണന നൽകേണ്ടതില്ല. കുറ്റവാളിയെ പോലെതന്നെ കൈകാര്യം ചെയ്യണം. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പരിഗണന ഇത്തരക്കാർക്കു ലഭിക്കരുതെന്നും ആന്റണി കൂട്ടിച്ചേർത്തു. കുട്ടിയെ പീഡിപ്പിച്ചയാളെ വൈദികനെന്നു വിളിക്കുന്നതു തന്നെ നാണക്കേടാണ്. സ്ത്രീ പീഡനങ്ങളിൽ കേസെടുത്താൽ മാത്രം പോര, സ്ത്രീകളെ ആക്രമിക്കുന്നവർക്കു കടുത്ത ശിക്ഷ നൽകണം. കേരളത്തിൽ സ്ത്രീ സുരക്ഷ വലിയ അപകടത്തിലാണ്. സ്ത്രീകൾക്കു സുരക്ഷിതമായി പുറത്തിറങ്ങാനും ജോലി ചെയ്യാനുമുള്ള സാഹചര്യം കേരളത്തിലുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.