മ്യൂസിയം വളപ്പിലെ പോലീസിന്റെ സദാചാര ഗുണ്ടായിസം സോഷ്യൽ മീഡിയയിൽ തത്സമയം തിരുവനന്തപുരം: തലസ്ഥാനത്തു വനിതാ പോലീസിന്റെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസമെന്നു പരാതി. കനകക്കുന്ന് കൊട്ടാരം വളപ്പിൽ തോളിൽ കൈയിട്ടിരുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കാനെത്തിയ പിങ്ക് പോലീസിന്റെ നടപടിയാണു സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ചർച്ചയായത്. സദാചാര ഗുണ്ടായിസത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാന പോലീസ് മേധാവി സർക്കുലറായി പുറത്തിറക്കിയതിനു പിന്നാലെയാണു പോലീസിന്റെ നേതൃത്വത്തിൽ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പോലീസിന്റെ ചോദ്യംചെയ്യൽ മുതൽ ജീപ്പിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചതുവരെയുള്ള സംഭവങ്ങൾ യുവതീ യുവാക്കൾ ഫെയ്സ്ബുക്ക് ലൈവായി കാണിച്ചതോടെ ഇരുവരെയും പിടികൂടാനെത്തിയ പോലീസുകാരും വലഞ്ഞു. തോളിൽ കൈയിട്ടിരുന്ന യുവാവിനെയും യുവതിയെയും കല്യാണം കഴിഞ്ഞതാണോ അല്ലെങ്കിൽ സ്റ്റേഷനിലേക്കു വരണമെന്നു പിങ്ക് പോലീസ് ബീറ്റിലെ രണ്ടു വനിതാ പോലീസുകാർ ആവശ്യപ്പെട്ടതോടെയാണു പ്രശ്നങ്ങൾക്ക് തുടക്കമായത്. പോലീസുകാരുടെ ചോദ്യം ചെയ്യൽ പരിധിവിട്ടതോടെ ഇവർ ഫെയ്സ്ബുക്ക് ലൈവ് ഓണാക്കി ചോദ്യം ചെയ്യൽ തത്സമയം സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.എന്തിനാണു തങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്നു യുവാവും യുവതിയും ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം നൽകാൻ പോലീസിനു കഴിഞ്ഞില്ല. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇരുവരെയും അവിടെ കണ്ട സാഹചര്യത്തിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും തുടർന്നു വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ധരിപ്പിച്ചു വിട്ടയയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം തങ്ങളെ മോശക്കാരാണെന്നു വരുത്തിതീർക്കാനാണു പോലീസ് ശ്രമിച്ചതെന്ന് ഇരുവരും പറഞ്ഞു.