തിരുവനന്തപുരം : പി.സി. ജോർജ് എംഎൽഎ ചെയർമാനായി കേരള ജനപക്ഷം എന്ന പേരിൽ സംഘടനയ്ക്കു രൂപം നൽകി. ഇന്നലെ രാവിലെ നിയമസഭയ്ക്കു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് അദ്ദേഹം പുതിയ സംഘടനയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. തത്കാലം കേരള ജനപക്ഷം രാഷ്ട്രീയ പാർട്ടിയാകില്ലെന്നും തെരഞ്ഞെടുപ്പു വരുന്പോൾ അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. തകർന്നടിഞ്ഞ കാർഷികമേഖലയും മുരടിച്ചുപോയ വ്യവസായ രംഗവും അനുദിനം കുമിഞ്ഞുകൂടുന്ന സംസ്ഥാനത്തിന്റെ കടബാധ്യതയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അക്രമത്തിനുമെതിരേ ജനപക്ഷം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷത്തിന്റെ ആസ്ഥാനം തിരുവനന്തപുരമായിരിക്കും. വാർഡ് കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, ജില്ലാ കമ്മിറ്റി, സ്റ്റേറ്റ് കമ്മിറ്റി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി, സ്റ്റേറ്റ് ഹൈപവർ കമ്മിറ്റി, അഡ്ഹോക് കമ്മിറ്റി, സ്പെഷൽ കമ്മിറ്റി എന്നിങ്ങനെയാണു സംഘടനയുടെ ഘടന. ഓണ്‍ലൈനിലൂടെയും അല്ലാതെയും സംഘടനയിൽ അംഗത്വം നേടാം. എല്ലാ ജില്ലകളിലും കൂടാതെ വിദേശരാജ്യങ്ങളിലും കേരള ജനപക്ഷത്തിനു കണ്‍വീനർമാർ ഉണ്ടാകും. 10 രൂപയാണ് അംഗത്വ ഫീസ്. ഒരു പാർട്ടിയുമായും ഇപ്പോൾ ചർച്ച നടത്തുന്നില്ല. ജനപക്ഷം രാഷ്ട്രീയ പാർട്ടിയാകുമ്പോൾ ചർച്ചയാകാം. വെള്ളാപ്പള്ളി നടേശൻ ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. എന്നാൽ, സുകുമാരൻ നായർ എന്തുപറഞ്ഞാലും അതിൽ ഉറച്ചനിൽക്കുന്ന വ്യക്തിയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചു ചില സംഘടനകൾ നടത്തുന്ന സമരത്തെ സർക്കാർ അടിച്ചമർത്തണമെന്നും പി.സി.ജോർജ് പറഞ്ഞു.