തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യലോബിക്കൊപ്പമാണെന്നു കെപിസിസി പ്രസിഡന്റ് വി. എം.സുധീരൻ. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുധീരൻ. കഴിഞ്ഞ സർക്കാർ കൊണ്ടു വന്ന മദ്യനയം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന തെറ്റായ പ്രചാരണം സർക്കാർ അഴിച്ചു വിടുകയാണ്. മന്ത്രിമാർ തന്നെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നു. ടൂറിസം വകുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ മുൻ വർഷത്തേക്കാൾ വിദേശ വിനോദസഞ്ചാരികളുടെ വരവിൽ അഞ്ചു ശതമാനവും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ആറു ശതമാനവും വർധനവാണ് കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായത്. അപ്പോൾ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയം ടൂറിസം മേഖലയെ ബാധിച്ചുവെന്നത് അധികൃതർ വ്യക്തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. നിലവിലുള്ള മദ്യനയത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ സർക്കാരിനു ശക്തമായ സമരത്തെ നേരിടേണ്ടിവരും. യുഡിഎഫിന്റെ മദ്യനയം പിൻവലിച്ച് കേരളത്തെ മദ്യവില്പനക്കാരുടെ പറുദീസ ആക്കാനാണ് സർക്കാർ ശ്രമം. ബിയറും വൈനും കള്ളും മദ്യത്തിൽ പെടുത്തിയില്ലെങ്കിൽ എവിടെയും ഇത്തരം സാധനങ്ങൾ വിൽക്കാം എന്ന സ്ഥിതിവരും. ഇത്തരം നീക്കങ്ങൾക്കാണ് സർക്കാർ കൂട്ടുനിന്നത്. പൊതുസമൂഹത്തിൽനിന്നുയർന്ന ശക്തമായ എതിർപ്പിനെത്തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നുവെന്നു സുധീരൻ പറഞ്ഞു. മദ്യരാജാക്കന്മാരിൽനിന്ന് അച്ചാരം വാങ്ങി നിലവിലെ മദ്യ നയം അട്ടിമറിക്കാനാണ് സർക്കാർ നീക്കം. ദേശീയപാതയോരത്തെ മദ്യവില്പനശാലകൾ അടച്ചുപൂട്ടാനാണ് സുപ്രീംകോടതി വിധി. അത് മാറ്റിസ്ഥാപിക്കാൻ വിധിയിൽ പറയുന്നില്ല. ഇപ്പോൾ പോലീസിനെ ഉപയോഗിച്ച് മദ്യവിൽപന ശാലകൾ സ്ഥാപിക്കാനുള്ള സർക്കാർ ശ്രമം ജനകീയ പിന്തുണയോടെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യം വില്ക്കുന്നത് അയൽക്കാരനെ കൊല്ലുന്നതിനു സമാനമാണെന്നു ചടങ്ങിൽ പ്രസംഗിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സർക്കാരായാലും സഭയായാലും സമൂഹമായാലും മദ്യവില്പനക്കാരനെ രാജ്യദ്രോഹിയായി കാണണം. ആദിവാസി മേഖലയിൽ ഒരിക്കൽ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധേയമാണെന്നു വലിയമെത്രാപ്പോലീത്ത പറഞ്ഞു. ഇവിടെ കള്ളുഷാപ്പ് ഉള്ളിടത്തോളം കാലം ഈ ആദിവാസി മേഖലയെ നന്നാക്കാൻ കഴിയില്ലെന്നാണ് അവിടത്തെ വീട്ടമ്മമാർ പുരുഷന്മാരുടെ സാന്നിധ്യത്തിൽതന്നെ തന്നോടു പറഞ്ഞതെന്നും മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മദ്യലോബികളുമായി രഹസ്യ അജൻഡ ഉണ്ടാക്കിയുള്ള പുതിയ മദ്യനയമാണ് നടപ്പാക്കാൻ പോകുന്നതെന്ന കേട്ടുകേൾവി ഇപ്പോൾ വ്യാപകമാണെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അഭിപ്രായപ്പെട്ടു. മദ്യനയത്തിൽ കേരളത്തെ പരീക്ഷണശാല ആക്കാൻ ശ്രമിക്കരുത്. മദ്യനയം പ്രഖ്യാപിക്കാൻ പോകുന്ന മന്ത്രിക്ക് ഏതാണ് മദ്യമെന്നു പോലും തീർച്ചയില്ലാത്ത സ്ഥിതിയാണ്. ഇത്ആശങ്കയ്ക്ക് ഇടയാക്കി തീർക്കും. മദ്യനയം തയാറാക്കിയ സർക്കാർ അത് പ്രഖ്യാപിക്കാൻ അറച്ചുനില്ക്കുകയാണെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. മഹാവിപത്തായ മദ്യം മനുഷ്യനെ മൃഗതുല്യമായ സംസ്കാരത്തിലേക്കു മാറ്റുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ചുമതല സർക്കാർ എക്സൈസ് വകുപ്പിൽനിന്നും എടുത്തുമാറ്റണം. മുഖ്യമന്ത്രി നേരിട്ട് ഇതു കൈകാര്യം ചെയ്യണം. മദ്യനയത്തിന്റെ കാര്യത്തിൽ ആർക്കൊക്കെയോ വേണ്ടി അധികൃതർ പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിഷപ് കൂട്ടിച്ചേർത്തു. മദ്യവിരുദ്ധ ജനകീയ മുന്നണി കണ്വീനർ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ, തിരുവനന്തപുരം മേഖലാ രക്ഷാധികാരി ഫാ. ജോണ് അരീക്കൽ, സ്വാമി ഗുരുപ്രസാദ്, വി.പി. ശുഹൈബ് മൗലവി, ഫാ. ടി.ജെ. ആന്റണി, ഹരീന്ദ്രനാഥ്, ഫാ. തോമസ് പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.