തിരുവനന്തപുരം: സിപിഎം ഈ മാസം 25-നു മംഗളൂരുവിൽ സംഘടിപ്പിക്കുന്ന മതസൗഹാർദറാലിയിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നതു പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിയെ തടയാൻ മംഗളൂരു കോർപറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത നടപടി ആർ.എസ്എസിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എകെജി ബീഡി വർക്കേഴ്സ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനത്തിനും മതസൗഹാർദറാലിയിലും പങ്കെടുക്കാനാണു പിണറായി വിജയൻ മംഗളൂരുവിൽ എത്തുന്നത്. ഇതിനുമുമ്പു മലയാളികളുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ ഭോപ്പാലിലെത്തിയ കേരള മുഖ്യമന്ത്രിയെ ആർഎസ്എസിന്റെ പ്രതിഷേധത്തെത്തുടർന്നു ഭോപ്പാലിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്ത നടപടിയ്ക്കെതിരെ കേരളമൊന്നാകെ പ്രതിഷേധമുയർത്തിയിരുന്നു: കോടിയേരി പറഞ്ഞു.ജനാധിപത്യത്തേയും ഫെഡറൽ സംവിധാനത്തേയും വെല്ലുവിളിക്കുന്ന നടപടിയാണ് ആർഎസ്എസിന്റെ ഭാഗത്തുനിന്നു നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മംഗളൂരു: സിപിഎം മംഗളൂരുവിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിൽ പ്രതിഷേധിച്ച് പരിപാടി നടക്കുന്ന ഈ മാസം 25ന് സംഘ്പരിവാർ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. 24ന് അംബേദ്കർ സർക്കിളിൽനിന്നു നെഹ്റു മൈതാനിയിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും സംഘപരിവാർ തീരുമാനിച്ചു. ബന്ദിന് ശ്രീരാമസേനയും പിന്തുണ പ്രഖ്യാപിച്ചു. \ റാലിയിൽ പ്രസംഗിക്കാൻ പിണറായി വിജയനെ അനുവദിക്കില്ലെന്നും മറ്റൊരു രാഷ്ട്രീയചിന്താധാരയുടെ ഭാഗമായി പ്രവർത്തിക്കുന്നു എന്ന ഒറ്റക്കാരണത്താൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രി റാലിയെ അഭിസംബോധന ചെയ്യുന്നത് നല്ലതിനല്ലെന്നു ബോധ്യമുള്ളതിനാലാണ് ഈ തീരുമാനമെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് പ്രഫ.എം.ബി. പുരാണിക് പറഞ്ഞു. ബന്ദാഹ്വാനത്തെ ഡിവൈഎഫ്ഐ അപലപിച്ചു. സിപിഎം നടത്തുന്ന മതസൗഹാർദ റാലിക്ക് പൂർണ പിന്തുണ നൽകുമെന്നും ജില്ലയിലെ മതസൗഹാർദം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചിട്ടുള്ളതെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരു സന്ദർശനം റദ്ദാക്കിയേക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. അടുത്തിടെ, മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളിസംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ ആർഎസ്എസ് പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതിരുന്ന സംഭവം ഉണ്ടായിരുന്നു. വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയടക്കം പിണറായിയെ വിളിച്ച് ക്ഷമ ചോദിച്ചിരുന്നു.