ന്യൂഡൽഹി: കേരളത്തിൽ പ്രമുഖ ചലച്ചിത്ര താരത്തിനെതിരെ ഉണ്ടായ അക്രമത്തിനു പിന്നിലെ ദുരൂഹതയെക്കുറിച്ചു സമഗ്രാന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ അദ്ദേഹം ആവശ്യപ്പെട്ടു. ക്വട്ടേഷൻ സംഘങ്ങളും ക്രിമിനലുകളും ഗുണ്ടാ അക്രമങ്ങളും അരങ്ങുവാഴുന്ന അവസ്ഥയാണു കേരളത്തിലുള്ളതെന്നു ചെന്നിത്തല ആരോപിച്ചു. താരത്തിനു നേരിടേണ്ടി വന്ന പ്രയാസങ്ങളെ സംബന്ധിച്ചു ധാരാളം ദുരൂഹതകൾ ഉയർന്നുവരുന്നുണ്ട്. അന്വേഷണം നടത്തി ഇതിന്റെ പിന്നിൽ ആരാണെന്നു കണ്ടെത്തണം. ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്നയാൾക്ക് ഇതുപോലൊരു അനുഭവം ഉണ്ടായാൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? അക്രമത്തിനു പിന്നിലുള്ള ശക്തികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.