കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ രാത്രി ആരംഭിച്ച ചുക്ക് കാപ്പി കുടിക്കാൻ തിരക്കേറുന്നു. കടപ്പാക്കട ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് സ്റ്റേഷൻ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോസ്‌ഥരാണ് ചുക്കുകാപ്പി തയാറാക്കുന്നത്. കാപ്പിയിൽ ചുക്കിനും കരുപ്പെട്ടിക്കും പുറമെ തുളസി, കുരുമുളക് തുടങ്ങി നിരവധി ഔഷധങ്ങളും ഇടുന്നുണ്ട്. അതുകൊണ്ടു തന്നെയാവാം ചുക്ക് കാപ്പി കുടിച്ചിറങ്ങുമ്പോൾ ഡ്രൈവർമാരുടെ ഉറക്കം പമ്പ കടക്കും. എല്ലാ ദിവസവും രാത്രി 12മുതൽ പുലർച്ചെ നാല് വരെയാണ് ചുക്ക് കാപ്പി വിതരണം ചെയ്യുന്നത് . ദിവസേന 400പേരിലധികം പേർക്ക് ചുക്ക് കാപ്പി കൊടുക്കും . കഴിഞ്ഞ വർഷവും ഫയർ ഫോഴ്സ് ടീം ആയിരുന്നു ചുക്ക് കാപ്പി ഇട്ടിരുന്നത്. ചിന്നക്കടയിൽ വരുമ്പോൾ മോട്ടോർ വെഹിക്കിൾ പോലീസ് ഉദ്യോഗസ്‌ഥർ ചേർന്ന് ചുക്ക് കാപ്പി വിതരണം ചെയ്യും. ദീർഘ ദൂര യാത്രക്കാർക്ക് വേണ്ടി യാണ് ചുക്ക് കാപ്പിയെങ്കിലും ഔഷധ ഗുണം തിരിച്ചറിഞ്ഞ ചില ഓട്ടോറിക്ഷക്കാരും ബൈക്ക് യാത്രികരും ചില വ്യാപാര സ്‌ഥാപനങ്ങളിലെ ജോലിക്കാരും സ്‌ഥിരമായി ചുക്കുകാപ്പി തിരക്കി വരുന്നുണ്ട്. ഡിസംബർ മുപ്പത്തിയൊന്ന് വരെയാണ് കാപ്പി വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചുക്ക് കാപ്പി വിതരണം നടത്തിയപ്പോൾ മുൻ വർഷങ്ങളിലെപ്പോലെ അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ട്രാക്ക് പ്രവർത്തകരുടെ ആവേശം കൂട്ടുന്നുണ്ട്