സാമ്പത്തിക ഇടപാടുകൾ;പോലീസിന്റെ ഓപ്പറേഷൻ ഷൈലോക്കിൽനിരവധിപേർ

കൊല്ലം: ഗുണ്ടാപ്രവർത്തനങ്ങളുടെ സാമ്പത്തിക അടിത്തറ ഉന്മൂലനം ചെയ്യാനും അനധികൃത സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ ഷൈലോക്കി’ൽ നിരവധി വമ്പന്മാർ കുടുങ്ങി. ഇതിനിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന, രണ്ട് കോടിയിലേറെ വിലമതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കുലശേഖരപുരം സ്വദേശി ചിട്ടി രാജു എന്ന് വിളിക്കുന്ന രാജുവിന്റെ വീട്ടിൽ നിന്നും 53 ലക്ഷം രൂപ പിടിച്ചെടുത്തു. രാജുവിന് ഒരു ലേല ചിട്ടി മാത്രം നടത്താനുള്ള ലൈസൻസേ ഉള്ളൂ എന്നും ഇതിന്റെ മറവിൽ ധാരാളം പണമിടപാടുകൾ നടത്തിവരികയായിരുന്നു എന്നും പോലീസ് പറഞ്ഞു. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് സഹോദരങ്ങളായ സോപാനം വീട്ടിൽ മോഹനൻ, സുനിൽകുമാർ എന്നിവരുടെ പക്കൽ നിന്നും എട്ട് ലക്ഷം രൂപയും ഒരുകിലോ സ്വർണാഭരണങ്ങളും നിരവധി രേഖകളും കണ്ടെടുത്തു. പാവുമ്പ മണപ്പള്ളി തെക്ക് രഞ്ജിത്ത് ഭവനത്തിൽ പൊടിയന്റെ വീട്ടിൽ നിന്നും 10 ലക്ഷം രൂപയും കുലശേഖരപുരം കടത്തുർ വേണാട്ട് (മാളുമായ) ഭവനത്തിൽ മഹാരാജന്റെ വീട്ടിൽ നിന്നുമായി അഞ്ച് ലക്ഷം രൂപയും ഓച്ചിറ ആലുംപീടിക സ്വദേശി സുകുമാരന്റെ വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ തുമ്പറ വിനായക വീട്ടിൽ ഗുപ്ത എന്ന് വിളിക്കുന്ന അനിൽകുമാർ, പോളയത്തോട് നാഷണൽ നഗർ ഗ്രീൻലാൻഡിൽ ജോബോയ് വർഗീസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജോബോയ് വർഗീസ് അറസ്റ്റിലായി. ഗുപ്തയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ തങ്കശേരി സ്വദേശി തങ്കപ്പന്റെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയും ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പട്ടത്താനം സ്വദേശി ശശിമണിയുടെ വീട്ടിൽ നിന്നും, പള്ളിമുക്ക് സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ നിന്നും നിരവധി രേഖകൾ കണ്ടെടുത്തു. കൊട്ടിയം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വാഹനങ്ങൾ പണയത്തിനെടുത്ത് കൊള്ളപ്പലിശ വാങ്ങി സൂക്ഷിച്ചിരുന്ന സന്തോഷിന്റെ വീട്ടിൽ നിന്ന് രണ്ട് കാറുകൾ പരിശോധനയിൽ കണ്ടെടുത്തു. നോട്ട് പിൻവലിക്കലിനുശേഷം വൻതോതിൽ സാമ്പത്തിക ഇടപാട് നടത്തിവന്നിരുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഡോ. സതീഷ് ബിനോ അറിയിച്ചു. ഇതിന് പുറമെ സിറ്റി പരിധിയിൽ ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കേണ്ട കുറ്റവാളികൾക്കെതിരെ കർശന നടപടി തുടങ്ങിയതായും കമ്മിഷണർ പറഞ്ഞു. സ്പെഷൽബ്രാഞ്ച് എസിപി ഷിഹാബുദീൻ, കൊല്ലം എസിപി ജോർജ് കോശി, ഈസ്റ്റ് സിഐ മഞ്ജുലാൽ, എസ്ഐ ജയകൃഷ്ണൻ, എഎസ്ഐമാരായ മുഹമ്മദ് ബഷീർ, പ്രകാശൻ, മോഹനൻ, ഹംസ, അഡീഷണൽ എസ്ഐ ശശികുമാർ, ഗ്രേഡ് എസ്ഐമാരായ ബി സോമശേഖരപിള്ള, ബഥനി ക്രൂസ്, ഗ്രേഡ് എഎസ്ഐമാരായ ചന്ദ്രസേനൻ, നിസാം, സീനിയർ സിവിൽ പോലീസ് ഓഫീസർ ശശികുമാർ എന്നിവർ കൊല്ലത്ത് വിവിധ സ്‌ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പങ്കെടുത്തു. കരുനാഗപ്പള്ളി എസിപി ശിവപ്രസാദ്, സിഐ അനിൽകുമാർ, എസ്ഐ രാജേഷ്, തെക്കുംഭാഗം എസ്ഐ രാജീവ്, എഎസ്ഐമാരായ നൂർ മുഹമ്മദ്, സെയ്ദ്, പ്രസന്നൻ, അജിത്ലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കരുനാഗപ്പള്ളിയിലെ റെയ്ഡ്