നടിക്കെതിരായ ആക്രമണം: തീരാവേദനയും അമർഷവുമായി താരകൂട്ടായ്മ മലയാള സിനിമയിലെ പ്രമുഖ നടിക്കു നേരേയുണ്ടായ അക്രമണത്തെത്തുടർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച സിനിമ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ പ്രതിഷേധമിരമ്പി. ആക്രമണത്തിനെതിരേ ചിലർ പൊട്ടിത്തെറിച്ചു, മറ്റു ചിലർ അമർഷം കൊണ്ടു. പ്രസംഗങ്ങൾ നടക്കുമ്പോൾ പലരും നടിക്കുണ്ടായ ദുരനുഭവത്തിൽ മനംനൊന്ത് കരഞ്ഞു. ഇന്നലെ വൈകുന്നേരം ആറിനു കൊച്ചിയിലെ സിനിമ പ്രവർത്തകരുടെ പ്രതിഷേധ യോഗം ദർബാർ ഹാൾ ഗ്രൗണ്ടിലാണു നടന്നത്. സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലാണു സിനിമ പ്രവർത്തകർ ഒത്തുചേർന്നത്. ദൗർഭാഗ്യകരമായ സംഭവമാണു നടന്നതെന്നും പ്രതികളെ പിടികൂടി സമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി മമ്മൂട്ടി, ഫെഫ്ക ചെയർമാൻ സിബി മലയിൽ, ഡയറക്ടറേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കർ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ഹൈബി ഈഡൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്, മഞ്ജു വാര്യർ എന്നിവരും പങ്കെടുത്തു. പ്രതിഷേധം ഇരന്പി... ഒരു പാടു സങ്കടവും അതിലേറെ രോഷവുമുണ്ട്: മഞ്ജു വാര്യർ ഒരുപാട് സങ്കടവും അതിലേറെ രോഷവുമുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ് ഉണ്ടായത്. അവർ ഈ സാഹചര്യത്തെ നേരിട്ട സമചിത്തത കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. അവളെക്കുറിച്ച് അഭിമാനമുണ്ട്. ഈയൊരു സാഹചര്യം ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്നാണു പ്രാർഥന. ഇതിനു പിന്നിൽ നടന്നതു ക്രിമിനൽ ഗൂഢാലോചനയാണ്. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കു മുന്നിൽ നിൽക്കണം. സ്ത്രീയെ സംരക്ഷിക്കേണ്ടവനാണ് പുരുഷൻ: മമ്മൂട്ടി ഇവിടുത്തെ ഓരോരുത്തരുടെയും ഉള്ളിലുള്ള അഗ്നി മനുഷ്യമനസാക്ഷി മരവിച്ചവരുടെ മുകളിൽ ആഞ്ഞു പതിക്കും അതിനുള്ള കൂട്ടായ്മയാണിത്. പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതിലല്ല. സ്ത്രീയെ സംരക്ഷിക്കേണ്ടവനാണു പുരുഷൻ. അമ്മമാർ മനുഷ്യരൂപം പൂണ്ട പിശാചുക്കളെ പ്രസവിക്കാതിക്കട്ടെ ധീരപുത്രൻമാരെ പ്രസവിക്കട്ടെ. വളച്ചൊടിക്കാൻ ശ്രമിക്കരുത്: ദിലീപ് സിനിമയിൽ സംഭവിച്ചു എന്നതിനപ്പുറം നാട്ടിൽ സംഭവിച്ചു എന്നതു ഞെട്ടിക്കുന്നു. പോലീസ് സംഭവത്തിനു പിന്നിലുള്ളവർക്കു പിറകെയുണ്ട്. മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കാൻ ശ്രമിക്കരുത്. ഇത് സാധാരണക്കാരന്റെ വീട്ടിൽ സംഭവിച്ചതായി കണക്കിലെടുക്കണം. ദാരുണ സംഭവം കൊണ്ടാടരുത്: ഇന്നസെന്റ് ഇത്തരം സംഭവങ്ങൾ ഉത്സവമായി കൊണ്ടുനടക്കുന്ന രീതി അവസാനിപ്പിക്കണം. ദാരുണമായ സംഭവമാണിത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. വിദ്യാഭ്യാസപരമായി ഉയർന്നുനിൽക്കുന്നതുകൊണ്ടായിരിക്കാം കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. സോഷ്യൽ മീഡിയ എന്ന പേരിൽ കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. ഇന്നസെന്റ് ആരെയാണു പേടിക്കുന്നത്, ധൈര്യമായി വിവരങ്ങൾ പുറത്തു പറഞ്ഞുകൂടെ എന്നെല്ലാമാണ് അവരുടെ ചേദ്യം. രണ്ടുപ്രാവശ്യം രോഗത്തിൽനിന്നു രക്ഷപ്പെട്ടു നിൽക്കുന്ന ഞാൻ ആരെ പേടിക്കാനാണ്. അനാവശ്യ കാര്യങ്ങൾ പറഞ്ഞു പരത്താൻ ഒരു വിഭാഗം ആളുകളുണ്ട്. ഇത്തരം നീക്കങ്ങളിൽനിന്ന് എല്ലാവരും മാറണം. ക്രിമിനൽവത്കരണം: രഞ്ജി പണിക്കർ ഏറ്റവും പുരോഗമിച്ച സംസ്ഥാനമാണെന്നു വിശ്വസിക്കുന്പോഴും ഇവിടെ ക്രിമിനൽവത്കരണം നടക്കുന്നു. എല്ലായിടത്തും പോലീസിനെ വച്ചിട്ടു കാര്യമില്ല. സർക്കാരിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീസുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. തലച്ചോർ മരവിച്ചുപോയി: ലാൽ (നടൻ, സംവിധായകൻ) സങ്കടകരമായ സംഭവം ഉണ്ടായപ്പോൾ നടി തന്റെ വീട്ടിലേക്ക് ഓടിക്കയറി വന്നപ്പോൾ തലച്ചോറു പോലും മരവിച്ചുപോകുന്ന അവസ്ഥയായിരുന്നു. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് ആദ്യമായാണ്. ദൈവം തോന്നിച്ചതുപോലെ ഡിജിപി ലോകനാഥ് ബെഹ്റയെ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തു. എറണാകുളത്തുനിന്നുളള ഓഫീസർമാർ എല്ലാം ഉടനെ എത്തി. അതിന് ആദ്യം പോലീസിനു നന്ദി പറയുന്നു. കുട്ടിക്ക് എല്ലാ പിന്തുണയും നൽകാനായി. ഞാനും ഭാര്യയും ഇതിനെ നേരിടാനുള്ള അവസ്ഥയിലേക്ക് എത്തി. ചില ചാനലുകളുടെ വാർത്തകൾ കണ്ടു വല്ലാതെ തകർന്നു. എല്ലാവരും ശക്തമായി ഇതിനെതിരെ പ്രതികരിക്കണം. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സംവിധാനം ഉണ്ടാകണം. ലോകത്തിലെ ഒരു സ്ത്രീക്കോ അമ്മയ്ക്കോ സഹോദരിക്കോ ഇനി ഇത്തരത്തിൽ സംഭവിക്കരുത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം: രഞ്ജിത്ത് സിനിമ മേഖല നിനക്കൊപ്പമുണ്ടെന്നു പറയാനാണ് ഇന്നത്തെ ഒത്തുചേരൽ. ശ്ലാഘനീയമായ പ്രവർത്തനമാണു പോലീസ് സേന നടത്തിയത്. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായതു പോലീസ് സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യണം. മെഴുകുതിരി കത്തിക്കൽ നിർത്താം, ശക്തമായ നിയമമാണ് വേണ്ടെതെന്നു മോഹൻലാൽ നടിക്കു നേരേയുണ്ടായ അക്രമം ദൗർഭാഗ്യകരമെന്നു മോഹൻലാൽ. അക്രമികളെ മനുഷ്യരായി കാണാനാവില്ല. മെഴുകുതിരി കത്തിച്ചുള്ള ഐക്യദാർഢ്യമല്ല നിയമം കർശനമാക്കുകയാണു വേണ്ടത്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഈ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമാണ്. നീതി ഒട്ടും വൈകാതെ തന്നെ നടപ്പിലാവട്ടെയെന്നും ലാൽ പ്രത്യാശ പ്രകടിപ്പിച്ചു. പ്രമുഖ സിനിമാനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. ക്രിമിനല്‍ സംഘാംഗങ്ങളായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്ന് പിടികൂടിയത്. നടിയുടെ കാര്‍ഡ്രൈവറായിരുന്ന കൊരട്ടി പൂവത്തുശേരി മാര്ട്ടിന് ആന്റണി (24) യെ ശനിയാഴ്ച അറസ്റ്റ്ചെയ്തിരുന്നു. പ്രധാനപ്രതി പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി നെടുവേലിക്കുടി സുനില്‍ (പള്‍സര്‍ സുനി-28) ഉള്‍പ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ട്. മൂന്നുപേര്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്കി. പ്രതികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം ശനിയാഴ്ച പരിശോധിച്ചു. ഇതില്‍ പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളങ്ങളും തലമുടിയിഴകളും കണ്ടെടുത്തിട്ടുണ്ട്. മൂന്നുദിവസംമുമ്പാണ് ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സുനിയും സംഘവും സിനിമ ആവശ്യത്തിനു വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച രാത്രി 9.30നാണ് അങ്കമാലി ദേശീയപാത പറമ്പയത്തിനടുത്തുനിന്ന് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സുനിലിന്റെ ഫോണ്‍രേഖകള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തിനുശേഷം സുനില്‍ വിളിച്ച സിനിമക്കാരുടെയും ക്രിമിനല്സംഘങ്ങളുടെയും വിവരമാണ് ശേഖരിക്കുന്നത്്. പിടിയിലായ മാര്‍ട്ടിനും സുനിലും വെള്ളിയാഴ്ച 40 തവണ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. സുനില്‍ വിളിച്ചിട്ടാണ് വന്നതെന്നും 30 ലക്ഷം രൂപ വാഗ്ദാനം നല്‍കിയിരുന്നതായും സലീമും പ്രദീപും പൊലീസിനോട് പറഞ്ഞു. മൂന്ന് പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ലക്ഷ്യം പിടിയിലായവര്‍ വെളിപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യംചെയ്തുവരികയാണ്. മാര്‍ട്ടിനെ അങ്കമാലി മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടിയെ കാറില്‍വച്ച് ഉപദ്രവിച്ചശേഷം പാലാരിവട്ടത്തിനടുത്താണ് സുനിലും സംഘവും ഇറങ്ങിയത്. പിന്നീട് തമ്മനത്തേക്കുള്ള വീട്ടിലേക്കാണ് ഇവര്‍ പോയത്. ഇതിനുശേഷമാണ് സിനിമാരംഗത്തുള്ളവരുമായും ക്രിമിനല്സംഘങ്ങളുമായും സുനില്‍ ബന്ധപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. സുനിലിന്റെപിന്നില് പ്രവര്‍ത്തിച്ചവരെക്കുറിച്ചും ഗൂഢാലോചനയെപ്പറ്റിയും അന്വേഷണം നടത്തും. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര താരങ്ങള്‍ കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിനിമാതാരത്തിനെന്നല്ല, ഒരു സ്ത്രീക്കും ഇങ്ങനെയാരനുഭവം ഉണ്ടാകരുതെന്ന ഉറച്ച ശബ്ദം ഞായറാഴ്ച വൈകിട്ട് ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില് നടന്ന ചടങ്ങില്‍ ഉയര്‍ന്നു.