ഗുണ്ടാ-മാഫിയാരാജിനെതിരേ രമേശ്ചെന്നിത്തലയുടെ നേതൃത്വത്തിൽ സത്യഗ്രഹം ഹരിപ്പാട്: കേരളത്തിൽ ഇന്നു വ്യക്തമായ ഒരു മദ്യനയമില്ലെന്നു മദ്യവിരുദ്ധ സമിതി ചെയർമാനും മാവേലിക്കര രൂപതാധ്യക്ഷനുമായ ഡോ. ജോഷ്വ മാർ ഇഗ്നോത്തിയോസ് മെത്രാപ്പോലീത്ത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് നടത്തിയ സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് എന്ന രീതിയാണ് ഇപ്പോൾ. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറഞ്ഞ മുൻ സർക്കാരിന്റെ നയങ്ങൾ തുടരുമെന്നു പറഞ്ഞവർ സുപ്രീംകോടതി വിധി നടപ്പാക്കാൻ പോലും തയാറാകാതെ വിധി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലഹരിയുടെ ഉപയോഗമാണ് ഇന്നത്തെ അതിക്രമങ്ങൾക്കെല്ലാം കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ചലച്ചിത്ര നടിയുടെ നേർക്കു നടന്നതും ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തു വർധിച്ചുവരുന്ന ഗുണ്ടാ-മാഫിയ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധിച്ചാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാട്ട് സത്യഗ്രഹം നടത്തിയത്. രാവിലെ ഏഴിനു മാധവ ജംഗ്ഷനിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഗാന്ധിയൻ ഗോപിനാഥൻ നായർ സത്യഗ്രഹം ഉദ്ഘാടനംചെയ്തു. ഡിസിസി പ്രസിഡന്റ് എം. ലിജു, പാളയം ഇമാം സുഹൈബ് മൗലവി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ബി. ബാബുപ്രസാദ് സി.ആർ. ജയപ്രകാശ്, മാന്നാർ അബ്ദുൾ ലത്തീഫ്, കെപിസിസി സെക്രട്ടറി കെ.പി. ശ്രീകുമാർ, ട്രഷറർ ജോണ്സണ് ഏബ്രഹാം, എ.എ. ഷുക്കൂർ, എ.കെ. രാജൻ, എം.എം. ബഷീർ, യുഡിഎഫ് ചെയർമാൻ എം. മുരളി, കണ്‍വീനർ ജി. രാജശേഖരൻ, ജില്ലാപഞ്ചായത്തംഗം ജോണ്‍തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.