കണ്ണൂർ: മഹാനായ മുഖ്യമന്ത്രിയായിരിക്കുമെന്നു മാധ്യമങ്ങളടക്കം വിശേഷിപ്പിച്ച പിണറായി വിജയൻ എട്ടുമാസത്തിനകം വട്ടപ്പൂജ്യമായി മാറിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എട്ടുമാസത്തിനകം പദ്ധതി ചെലവ് 45 ശതമാനത്തിലെത്തി. താൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണു സെക്രട്ടറിമാരുടെ യോഗം വിളിക്കാൻപോലും ഭരണാധികാരികൾ തയാറായത്. അന്ന് പദ്ധതി ചെലവിന്റെ വിനിയോഗം 28 ശതമാനം മാത്രമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ കെ.എസ്. ബ്രിഗേഡ് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ കുടുംബ സാന്ത്വനഫണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. ഇതുപോലെ കാര്യക്ഷമതയില്ലാത്ത സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ പറ്റാത്ത സർക്കാരാണിത്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധം ഐഎഎസ് ഉദ്യോഗസ്ഥർ അവധിയിൽ പോകുന്നു. ഉദ്യോഗസ്ഥരുടെ യോഗത്തിൽ തങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലും ഓരോ ആളുകളുടെ ജീവിതമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ ജീവിതമാകുന്ന ഫയലുകൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗാഢനിദ്രയിലാണ്. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകുമെന്നാണ് പറഞ്ഞത്. ഇപ്പോൾ ഈ സർക്കാരിന്റെ ആരോഗ്യമന്ത്രി തന്നെ പറയുന്നു ഒന്നും ശരിയാകുന്നില്ലെന്ന്. കണ്ണൂർ ജില്ലയിൽ അക്രമത്തിന് ഒരുഭാഗത്ത് സിപിഎം നേതൃത്വം നൽകുമ്പോൾ മറുഭാഗത്ത് ബിജെപിയും ആർഎസ്എസുമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ കണ്ണൂരിൽ ശാശ്വതസമാധാനത്തിനാണു ശ്രമിച്ചത്. കഴിഞ്ഞ എട്ടുമാസത്തെ ഭരണത്തിൽ നാല് എസ്പിമാരെയാണ് കണ്ണൂരിൽ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചത്. സമാധാനത്തിനുവേണ്ടി മുഖ്യമന്ത്രി യോഗം വിളിക്കുമ്പോൾ ക്രമസമാധാന ചുമതല സ്വന്തം പാർട്ടിക്കാർ ഏറ്റെടുക്കുകയാണ്- ചെന്നിത്തല പറഞ്ഞു. റിട്ടയർ ചെയ്ത് വീട്ടിലിരിക്കുന്ന ആളുകളെ ഐപിഎസ് കൊടുത്ത് ക്രമസമാധാന ചുമതല ഏൽപ്പിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കിടയാക്കുന്നത്. ജില്ലയിൽ ശാശ്വത സമാധാനം ഉണ്ടാകണമെങ്കിൽ സമാധാനശ്രമങ്ങളോട് ആത്മാർഥതയും പൂർണവിശ്വാസവും ഉണ്ടാകണം. അല്ലാതെ പ്രഹസനമാകാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ രക്തസാക്ഷി കുടുംബങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർക്കും കെ.എസ്. ബ്രിഗേഡ് ഏർപ്പെടുത്തിയ ധനസഹായ വിതരണവും ചെന്നിത്തല നിർവഹിച്ചു