വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് കൊടി കെട്ടുന്നതിനെ ചൊല്ലി സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ തർക്കത്തെ തുടർന്ന് സംഘർഷാവസ്ഥ. അഞ്ചുമണിക്കൂറോളം ഉൗക്കോട് പെരിങ്ങമ്മല ഭാഗത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ് ഉൾപ്പടെയുള്ള വാഹനങ്ങളുടെ ഗതാഗാതം സ്തംഭിച്ചു. ഇന്നലെ അഞ്ച് മണിയോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഉത്സവ സ്ഥലത്ത് കാവികൊടികൾ കെട്ടിയതിനു പിന്നാലെ സിപിഎം, ഡിവൈഎഫ് ഐ പ്രവർത്തകർ ചെങ്കൊടി കെട്ടാൻ ശ്രമിച്ചത് തടയാൻ ആർഎസ്എസ്, ബിജെപി പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. ഇതിനിടയിൽ കോണ്ഗ്രസ് , യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും കൊടി കെട്ടാൻ ശ്രമിച്ചു. ഇരുഭാഗത്തും പ്രവർത്തകർ തടിച്ചുകൂടി സംഘർഷാവസ്ഥയായതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. സംഘർഷാവസ്ഥ മൂർഛിച്ചതോടെ എഡിഎം ജോണ്.വി.സാമുവൽ ഇരു കൂട്ടരേയും നേമം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ചർച്ച നടത്തി. തിങ്കളാഴ്ച ജില്ലാ കളക്ടറുമായി ചർച്ച നടത്തുന്നതുവരെ നിലവിലെ സാഹചര്യം തുടരാൻ തീരുമാനിക്കുകയായിരുന്നു. കൊടി കെട്ടുന്നതിനെ സംബന്ധിച്ച് ഉത്സവം തുടങ്ങിയ ദിവസം മുതൽ തർക്കമുണ്ടായിരുന്നതായി നേമം പോലീസ് പറഞ്ഞു.