കോഴിക്കോട്: സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവരം ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിലൊതുങ്ങി. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ചു വന്നപ്പോഴായിരുന്നു നേരത്തെയുള്ള സർക്കാരുകൾ ഇവരുടെ വിവരം ശേഖരിക്കാൻ തീരുമാനിച്ചത്. തുടർന്ന് രണ്ടു തവണ സർക്കാർ മാറിയെങ്കിലും വിവര ശേഖരണം മാത്രം നടന്നില്ല. കേരളത്തിലുള്ള ഇതരദേശക്കാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പ്രത്യേക ഐഡി കാർഡ് നൽകാനും തീരുമാനമുണ്ടായിരുന്നു. ഇതിനായി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഇതര സംസ്ഥാന തൊഴിലാളികൾക്ക് രജിസ്റ്റർ സൂക്ഷിക്കാൻ അന്നത്തെ പോലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഫോട്ടോ, വിരലടയാളം എന്നിവ ഉൾപ്പെടെ കൃത്യമായ വിവരങ്ങളും തൊഴിലുടമയുടെ വിലാസവും രേഖപ്പെടുത്താനായിരുന്നു രജിസ്റ്റർ. എന്നാൽ കാലക്രമേണ ഇതും പാതിവഴിയിൽ നിലച്ചു. തുടക്കത്തിൽ മിക്ക സ്റ്റേഷനുകളിലും ഇത്തരം രജിസ്റ്റർ സൂക്ഷിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് സ്റ്റേഷനുകളിൽ വിവരം അടങ്ങുന്ന രജിസ്റ്റർ പേരിന് മാത്രമായി ഒതുങ്ങി. മിക്ക പോലീസ് സ്റ്റേഷനുകളിലും ആൾക്ഷാമം നേരിടുന്നതിനാലാണ് പോലീസിന് രജിസ്റ്റർ സൂക്ഷിക്കാൻ സാധിക്കാത്തതെന്ന് പോലീസുകാർ പറയുന്നു. അടുത്തകാലത്തായി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട നിരവധി കേസുകളാണ് കേരളത്തിലുണ്ടായത്. കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസിലും സൗമ്യ കൊലക്കേസിലും പ്രതികൾ ഇതര സംസ്ഥാനക്കാരായിരുന്നു. കഴിഞ്ഞ ദിവസം മൂന്നാറിൽ ആയയായ രാജുഗുരുവിനെ വധിച്ച കേസിലും ഇതരസംസ്ഥാന തൊഴിലാളികളെയാണ് പോലീസ് സംശയിക്കുന്നത്. ഇവിടെ നിന്നു 10 തൊഴിലാളികൾ നാടുവിട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കുറിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂവെന്നാണു കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിവരം. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തും സമാന സംഭവമുണ്ടായതിലും ഇതരദേശക്കാരായിരുന്നു പ്രതികൾ. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പിടികൂടാൻ പോലീസിന് ഏറെ വിയർക്കേണ്ടിവന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്ത് രണ്ടു വർഷം മുമ്പു നടന്ന ജ്വല്ലറി മോഷണക്കേസിലും ഇതേ അവസ്ഥയായിരുന്നു. പോലീസ് വളരെ പ്രയാസപ്പെട്ടാണ് പ്രതികളെ ബംഗാളിൽ നിന്നും ജാർഖണ്ഡിൽ നിന്നും പിടികൂടിയത്. സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും ഇത്തരക്കാരുടെടെ പേരിലുള്ള കേസുകൾ വർധിക്കുന്നുണ്ട്. തൊഴിലാളികൾ താമസസ്ഥലത്തുണ്ടാകുന്ന അക്രമങ്ങളും പലപ്പോഴും പോലീസിന് തലവേദയുണ്ടാക്കുന്നു. കുറ്റകൃത്യങ്ങൾ നടത്തി നാട്ടിലേക്കു മടങ്ങുന്നതിനാൽ മേൽവിലാസമില്ലാത്തവരെ കണ്ടെത്തുകയെന്നതും പോലീസിന് വലിയ വെല്ലുവിളിയാണ്. മൊബൈൽ ഫോണും മറ്റും കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണത്തിലാണു പലപ്പോഴും കുറ്റക്കാർ വലയിലാവാറുള്ളത്. എന്നാൽ ഇതുംകൂടി സാധ്യമാവാതെ വന്നാൽ സ്വന്തം നാട്ടിലേക്കു തിരിച്ചുപോവുന്ന കുറ്റവാളികളെ കണ്ടെത്താൻ വലിയ പ്രയാസമാകുമെന്നു പോലീസ് തുറന്നു സമ്മതിക്കുന്നു