ആയയുടെ കൊലപാതകം: ഐജി സ്‌ഥലം സന്ദർശിച്ചു CLICK VIEDO

ആയയുടെ കൊലപാതകം: ഐജി സ്‌ഥലം സന്ദർശിച്ചു മൂന്നാർ: ഗുണ്ടുമലയിലെ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ വെട്ടിക്കൊന്ന കേസിൽ നാട്ടുകാർ രണ്ടുതട്ടിൽ. പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിൽ അപരിചിതർ എത്തിയിരുന്നുവെന്നും അവരാകാം അക്രമത്തിനു പിന്നിലെന്ന് ഒരുകൂട്ടർ പറയുമ്പോൾ മരിച്ചയാളോട് അടുപ്പമുള്ള ആരോ ആണ് കൊലപാതകത്തിനു പിന്നിലെന്ന് മറ്റൊരുകൂട്ടർ പറയുന്നു. ഗുണ്ടുമലയിൽ അന്വേഷണത്തിനായി എത്തിയ എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ മുമ്പാകെയായിരുന്നു നാട്ടുകാരുടെ വെളിപ്പെടുത്തൽ. കൊലപാതകം നടന്നു മൂന്നുദിവസമായിട്ടും കൊലയാളിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിക്കാത്തത് പോലീസിനെയും കുഴയ്ക്കുന്നുണ്ട്. ഝാർഖണ്ഡ് സ്വദേശികളെ സംശയിക്കുന്നില്ലെന്നുളള നാട്ടുകാരുടെ അഭിപ്രായവും കേസിലെ വഴിത്തിരിവായി. ഇതര സംസ്‌ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളാണ് ഇതുവരെ നടന്നുവന്നിരുന്നത്. കൊലപാതകത്തിനു മൂന്നുദിവസംമുമ്പ് തമിഴ്നാട് സ്വദേശിയായ ഒരാൾ എസ്റ്റേറ്റിലെത്തിയിരുന്നെന്ന് നാട്ടുകാർ പോലീസിനോട് വെളിപ്പെടുത്തി. ഇയാളെ ഇതിനുമുമ്പും പ്രദേശത്ത് കണ്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. സന്യാസിയുടെ രൂപഭാവങ്ങളുമായി എത്തിയിരുന്ന ഇയാൾ നാട്ടുകാരിൽനിന്ന് പണം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ പുറത്തുനിന്നൊരാൾ ഇവിടെയെത്തി കൊലപാതകം നടത്താനുള്ള സാധ്യതയില്ലെന്നും മരിച്ചയാളുമായി അടുപ്പമുള്ള ആരോ ആണ് ഇതിനു പിന്നിലുള്ളതെന്നും പോലീസിനും സംശയമുണ്ട്. ഗുണ്ടുമലയിൽ ജോലിചെയ്യുന്ന ഇതര സംസ്‌ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കമ്പനി അധികൃതരിൽനിന്ന് പോലീസ് ശേഖരിക്കുകയും വിശദമായ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. ശിശുപരിപാലന കേന്ദ്രത്തിനടുത്തായി നാലു ലയങ്ങൾ, കമ്പനി സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുണ്ടായിട്ടും പട്ടാപ്പകൽ കൊലപാതകം നടന്നുവെങ്കിൽ അത് പരിചിതരായ വ്യക്‌തികളായിരുക്കുമെന്ന് പോലീസ് നിരീക്ഷിച്ചു. ഗുണ്ടുമല പോലെയുള്ള എസ്റ്റേറ്റിൽ വളരെ കുറച്ചുമാത്രം ജനങ്ങൾ താമസിക്കുന്ന ബെൻമോർ ഡിവിഷനിലെ കൊലപാതകത്തിനെക്കുറിച്ച് സൂചനകൾ ഒന്നും ലഭിക്കാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. ഐജി തലത്തിലുള്ള ഉന്നതതല സംഘമാണ് അന്വേഷണത്തിന് നേതൃത്വംനൽകുന്നത്. ഇടുക്കി എസ്പി കെ.ബി. വേണുഗോപാൽ, സിഐ മാരായ സാം ജോസ്, പ്രമോദ്, യൂനിസ് എസ്ഐ പി. ജിതേഷ്, ക്രൈം ബ്രാഞ്ച്, ഇന്റലിജൻസ്, സ്പെഷൽ ബ്രാഞ്ച് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥർ എന്നിവരടങ്ങുന്ന വൻസംഘമാണ് ഗുണ്ടുമലയിലെത്തിയത്. ഇന്നലെ രാവിലെ 11–ന് സ്‌ഥലത്തെത്തിയ സംഘം കൊലപാതകം നടന്ന കെട്ടിടത്തിനുള്ളിലും പരിസരത്തും പരിശോധനകൾ നടത്തി. തുടർന്ന് സമീപവാസികളുമായി ആശയവിനിമയം നടത്തി. മരിച്ചയാളുമായി അടുപ്പമുള്ളതും അടുത്തിടപഴകിയിരുന്നവരുമായി പോലീസ് സംസാരിച്ചു. മരിച്ച രാജഗുരുവിന്റെ ഭർത്താവ് മണികുമാർ, മക്കളായ രാം രാജ്. രാജ് കുമാർ എന്നിവരുമായും പോലീസ് ഏറെനേരം സംസാരിച്ചു. നാട്ടുകാരുമായി സംസാരിച്ചതിനുശേഷം കൊലയാളികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നേരിൽകണ്ട് ഭീതിയിലായ കുട്ടികളെ ആശ്വസിപ്പിക്കാൻ ചൈൽഡ് ലൈൻ പ്രവർത്തകർ ഗുണ്ടുമലയിലെത്തി. കോ–ഓർഡിനേറ്റർ ജയശീലൻ, ജോൺ എഡ്വിൻ തുടങ്ങിയവരാണ് എത്തിയത്.