ലക്നോ: മനസു പറയുന്നത് കേൾക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധിയുടെ അഭ്യർഥന. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ മോദിക്കെതിരേ പരിഹാസമുയർത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയാറാകാത്ത മോദിയെ രാഹുൽ വിമർശിച്ചു. ബുധനാഴ്ച ചേർന്ന യോഗത്തിനിടെ ജനങ്ങൾ നോട്ട് റദ്ദാക്കലിനെതിരേ ശബ്ദമുയർത്തി. മോദിജി ചോദിക്കുന്നത് എന്താണ് അവരുടെ പ്രശ്നമെന്നാണ്. മോദിജി, നിങ്ങൾ മനസു പറയുന്നത്(മൻ കി ബാത്) കേൾക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കൂ. നോട്ട് റദ്ദാക്കലിനെ തുടർന്ന് ജനങ്ങൾക്കു നേരിട്ട പ്രശ്നങ്ങൾ അപ്പോൾ നിങ്ങൾക്കു മനസിലാകും- രാഹുൽ പറഞ്ഞു. ഉത്തർപ്രദേശിലെ കർഷകരുടെ പ്രശ്നങ്ങൾ എഴുതിതള്ളാൻ പ്രധാനമന്ത്രിക്ക് സംസ്ഥാനത്ത് അധികാരം ലഭിക്കേണ്ട കാര്യമില്ലെന്നും അല്ലാതെതന്നെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.