ഒാറോവിൽ ഡാം അപകടത്തിൽ :കലിഫോർണിയയിൽ രണ്ടുലക്ഷം പേരെ ഒഴിപ്പിച്ചു CLIK VIEDO വാഷിംഗ്ടൺഡിസി : വടക്കൻ കലിഫോർണിയയിലെ ഓറോവിൽ അണക്കെട്ടിന്റെ സ്പിൽവേയിൽ തകരാർ കണ്ടതിനെത്തുടർന്ന് പരിസര പ്രദേശങ്ങളിൽനിന്നായി രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി. ഇതിൽ ഒട്ടേറെ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഡാമാണിത്. അണക്കെട്ടിലെ എമർജൻസി സ്പിൽവേ ഏതുനിമിഷവും തകർന്നേക്കുമെന്ന അവസ്ഥയെത്തുടർന്ന് രണ്ടുദിവസം മുന്പുതന്നെ പോലീസ് സമീപപ്രദേശങ്ങളിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നല്കിയിരുന്നു. സ്പിൽവേ തകർന്നാൽ 30 അടി കനത്തിൽ വെള്ളപ്പാച്ചിലുണ്ടാവുമെന്നാണു കണക്ക്. 1962നും 1968നും ഇടയിൽ നിർമിക്കപ്പെട്ട ഡാമിന് 770 അടി ഉയരമുണ്ട്. പ്രദേശം ദുരന്തമേഖലയായി പ്രഖ്യാപിക്കാൻ കലിഫോർണിയ ഗവർണർ ജെറി ബ്രൗൺ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയോട് ആവശ്യപ്പെട്ടു. ഈയിടെയുണ്ടായ കൊടുങ്കാറ്റും പേമാരിയും ഓറോവില്ലിലെ ജലനിരപ്പ് ഉയർത്തി. അണക്കെട്ടിന്റെ സംഭരണശേഷി കവിയാൻ രണ്ടുമീറ്റർ കൂടിയേയുള്ളു. സ്പിൽവേയിലൂടെ സെക്കൻഡിൽ 10,000 ഘനയടി വെള്ളം ഒഴുക്കാനാരംഭിച്ചതിനെത്തുടർന്നു ജലനിരപ്പ് താഴുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.ഹെലികോപ്ടറിൽ ദുരന്ത നിവാരണസേന ഡാം വീക്ഷിച്ചുവരികയാണ്. വൃഷ്ടി പ്രദേശത്തുകനത്ത മഴയും കാറ്റും തുടരുകയാണ്.