തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന നില അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു സത്യഗ്രഹ സമരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . 18നു രാവിലെ മുതൽ 12 മണിക്കൂർ സത്യഗ്രഹ സമരം ഹരിപ്പാട് മണ്ഡലത്തിൽ നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു സമയമുള്ള മറ്റൊരു മന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല കൈമാറണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നാലു രാക്ഷ്ട്രീയ കൊലപാതകങ്ങളും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ മൂന്നു ഗുണ്ടാ കൊലപാതകങ്ങളുമാണു നടന്നത്. സിപിഎം അല്ലാത്ത ആർക്കും പോലീസ് സ്റ്റേഷനിൽ നീതി ലഭിക്കുന്നില്ല. സിപിഎമ്മുകാർക്ക് ഒരു നീതിയും മറ്റുള്ളവർക്കു മറ്റൊരു നീതിയുമാണു ലഭിക്കുന്നത്. കേരളത്തെ വരൾച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ചു കേന്ദ്ര സർക്കാരിന് ഒരു നിവേദനം പോലും നൽകാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. സംസ്ഥാന സർക്കാർ നിവേദനം നൽകാത്ത സാഹചര്യത്തിൽ വരൾച്ച സംബന്ധിച്ചു പഠിക്കാൻ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കേന്ദ്ര സർക്കാരിനു നിവേദനം നൽകും. റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അരിവില നിയന്ത്രിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ ചെകിട്ടത്തടിക്കുമെന്ന പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ പ്രസ്താവന ശരിയല്ല. അധികാരത്തിലുള്ള ഒരു മന്ത്രിയിൽ നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ല. മന്ത്രി തെറ്റായ പരാമർശം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബിയറും കള്ളും വൈനും മദ്യത്തിന്റെ നിർവചനത്തിൽ നിന്നൊഴിവാക്കണമെന്ന കേരളത്തിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലം നിർഭാഗ്യകരമാണ്. ചർച്ചയ്ക്കെത്തിയ ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളോട് വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി മോശമായി പെരുമാറിയെന്ന പരാതി മുഖ്യമന്ത്രിക്കു കൈമാറും. കെഎസ്എംഇഒഎ സംസ്ഥാന ഭാരവാഹികൾ ഇന്നലെ കന്റോണ്മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവിനു പരാതി നൽകി. വി.കെ.സി. മമ്മദ്കോയയുടെ നേതൃത്വത്തിലുള്ള സിപിഎം അനുകൂല സംഘടനയിൽ ചേരണമെന്ന് ആവശ്യപ്പെട്ടതായും ചെറുകിട വ്യവസായികൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു