തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നടപടിക്കു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ടു നടത്തിയ കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്തുന്നതിന് അദ്ദേഹം ഹരിപ്പാട് സന്ദർശിച്ചു. കരുവാറ്റയിൽ സ്പെഷൽ കണ്ട്രോൾ റൂം പുതുതായി ആരംഭിച്ചു. ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാർ ഗുണ്ടാ സംഘാംഗങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ഇതിനകം സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിലേർപ്പെടുന്നവരോ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരോ ആയ 308 പേരെ നേരത്തെ മുൻകരുതൽ നടപടിയെന്ന നിലയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പുതുതായി 138 പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലകളിൽ പട്രോളിംഗ് ശക്തമാക്കുന്നതിനും സംസ്ഥാന പോലീസ് മേധാവി റേഞ്ച് ഐ ജിമാർക്ക് നിർദേശം നൽകി. പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ പി. പ്രകാശിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ഗുണ്ടാസംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. ആലപ്പുഴ ജില്ലയോടൊപ്പം മറ്റ് ജില്ലകളിലും ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും അമർച്ച ചെയ്യാനും കൂടുതൽ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.