തിരുവനന്തപുരം > പൊതുവിപണിയില്‍ അരിവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപണി ഇടപെടലിന് 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം നിധി രൂപീകരിക്കാന്‍ തീരുമാനം. സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡാണ് നിധി രൂപീകരിക്കുക. സഹകരണമന്ത്രി കടകംപപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും 25 പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. ആന്ധ്ര, തമിഴ്നാട്, കര്‍ണാടകം, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ നേരിട്ട് പോയി അരിയുടെ വില രൊക്കം പണമായി നല്‍കി പരമാവധി കുറഞ്ഞ വിലയില്‍ വാങ്ങും. ഇങ്ങനെ വാങ്ങുന്ന അരി സംസ്ഥാനത്തെ തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളുടെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും അരിക്കടകളിലൂടെ സബ്സിഡിനിരക്കില്‍ വിതരണംചെയ്യാനാണ് പദ്ധതി. പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനായി ഒരു പര്‍ച്ചെയ്സ് കമ്മിറ്റിയും ഒരു ഫണ്ട് മാനേജ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു. ഹ്രസ്വകാല നടപടി എന്ന രീതിയിലാണ് മേല്‍പദ്ധതി ആസൂത്രണം ചെയ്തത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് നെല്ല് കൊണ്ടുവന്ന് കേരളത്തിലെ മില്ലുകളില്‍ അരിയാക്കി കുറഞ്ഞ വിലയ്ക്ക് സ്വന്തം ബ്രാന്‍ഡില്‍ വിതരണം ചെയ്യാനാണ് ആലോചന. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സഹകരണ സംഘങ്ങളിലൂടെ കര്‍ഷകരില്‍നിന്ന് മികച്ച വില നല്‍കി വാങ്ങി അരിയാക്കി വില്‍പ്പന നടത്താനും അതുവഴി കര്‍ഷകര്‍ക്ക് പ്രോത്സാഹനവും പ്രാദേശിക ഉല്‍പ്പാദന വര്‍ധനയ്ക്കും സ്ഥിരമായ സംവിധാനം രൂപീകരിക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടന്നു. യോഗത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, സഹകരണ സ്പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി, പ്രാഥമിക സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.