ലോ അക്കാഡമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളജിനു മുന്നിലെ പ്രധാനകവാടം പൊളിച്ചുനീക്കി. കവാടം നിൽക്കുന്നതു സർക്കാർ ഭൂമിയിലാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ടു റവന്യു സെക്രട്ടറി നൽകിയ നോട്ടീസ് പ്രകാരം അക്കാഡമി തന്നെയാണു കവാടം പൊളിച്ചുനീക്കിയത്. പേരൂർക്കട ജംഗ്ഷനിൽനിന്ന് അക്കാഡമിയിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടമാണ് ഇന്നലെ രാവിലെ പത്തരയോടെ പൊളിച്ചു മാറ്റിയത്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കവാടം നിർമിച്ചിരിക്കുന്നത് അനധികൃതമായാണെന്നും അത് 24 മണിക്കൂറിനകം പൊളിച്ചുനീക്കണമെന്നും വെള്ളിയാഴ്ചയാണു റവന്യു വകുപ്പ് ലോ അക്കാഡമിക്കു നോട്ടീസ് നൽകിയത്. പ്രധാന കവാടം സ്ഥിതി ചെയ്യുന്നതു സർക്കാർ ഭൂമിയിലാണെന്നു കാണിച്ചു ജില്ലാ കളക്ടർ റവന്യു സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ, ബാങ്ക് കെട്ടിടങ്ങളെക്കുറിച്ചും വിശദീകരണം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജല അഥോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലാണ് ലോ അക്കാഡമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി പി.എച്ച്. കുര്യൻ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊതുവഴിയായി ഉപയോഗിച്ചിരുന്ന ഈ വഴി ഒരു ഘട്ടത്തിലും അക്കാഡമിക്കു പതിച്ചു നൽകിയിരുന്നുമില്ലഅതേസമയം, അക്കാഡമി സ്വകാര്യ കോളജോ അതോ സ്വാശ്രയ കോളജോ എന്ന് കേരള സർവകലാശാല പരിശോധിച്ചുവരികയാണ്. അഫീലിയേഷൻ സംബന്ധിച്ച സിൻഡിക്കറ്റ് ഉപസമിതിയാണു പരിശോധിക്കുന്നത്.അക്കാഡമി ട്രസ്റ്റിന്റെ രൂപമാറ്റവുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് ശിപാർശ പ്രകാരം ജില്ലാ രജിസ്ട്രാർ ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്കാഡമി ഭരണസമിതിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹർജി കൂടുതൽ വാദം കേൾക്കാൻ തിരുവനന്തപുരം സബ് കോടതി ഈ മാസം 15 ലേക്കു മാറ്റി.