നെയ്യാറ്റിൻകര: മാതൃകാ ഡിപ്പോയായ നെയ്യാറ്റിൻകര പ്രദേശത്ത് സമാന്തര വാഹനങ്ങളെ സന്പൂർണമായി നിയന്ത്രിക്കണമെന്നും ദേശീയപാതയിൽ നിയമവിരുദ്ധ സർവീസ് പൂർണമായി നിരോധിക്കണമെന്നും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നെയ്യാറ്റിൻകര യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർക്കും പോലീസിനും നേരത്തെ കത്ത് നൽകിയിരുന്നു. കെഎസ്ആർടിസി യുടെ വരുമാനം ചോർത്തുന്നതിൽ നിയമവിരുദ്ധ സമാന്തര സർവീസ് മുഖ്യപങ്ക് വഹിക്കുന്നുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിൽ കയറി യാത്രക്കാരെ കാൻവാസ് ചെയ്യുന്നതും ബസ് സ്റ്റേഷനിലേയ്ക്കുള്ള പ്രവേശന പാത തടഞ്ഞ് സമാന്തര സർവീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. ബസ് സ്റ്റോപ്പുകളിൽ നിയമവിരുദ്ധമായി ട്രക്കറുകൾ പാർക്ക് ചെയ്യുന്നതും കെഎസ്്ആർടിസി യെ ദോഷകരമായി ബാധിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. യൂണിറ്റ് പ്രസിഡന്റ് എസ്. ഇ. ഇദിരീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ, എൻ. കെ. രഞ്ജിത്ത്, ജി. ജിജോ, പൂവാർ വിജയൻ, എൻ.എസ്. വിനോദ്, എസ്.എസ്. സാബു, കെ.എസ്. അനിൽകുമാർ, എസ്.എൽ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.