മക്കളെമോർച്ചറിയിൽ കാണേണ്ടിവരും; നെഹ്റു കോളജ് ചെയർമാന്‍റെ ഭീഷണി

മക്കളെ മോർച്ചറിയിൽ കാണേണ്ടിവരും; രക്ഷിതാക്കൾക്ക് നെഹ്റു കോളജ് ചെയർമാന്‍റെ ഭീഷണി തൃശൂർ: പാന്പാടി നെഹ്റു കോളജിൽ ജീവനൊടുക്കിയ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ കൊലപ്പെടുത്തുമെന്ന് കോളജ് ചെയർമാൻ ഭീഷണിപ്പെടുത്തിയതായി പരാതി. കോളജ് ചെയർമാൻ പി.കൃഷ്ണദാസ് കുട്ടികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. കൂടുതൽ പ്രതിഷേധിച്ചാൽ മക്കളെ മോർച്ചറിയിൽ കാണേണ്ടിവരുമെന്നും പണവും സ്വാധീനവും ഉപയോഗിച്ച് താൻ കേസ് ഒതുക്കുമെന്നും കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ ആരോപിക്കുന്നു. സമരത്തിനു നേതൃത്വം നൽകിയ നാലു കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. അതേസമയം, ജിഷ്ണു പരീക്ഷയ്ക്കു കോപ്പിയടിച്ചെന്ന ആരോപണം പി.കൃഷ്ണദാസ് ആവർത്തിച്ചു. കോപ്പിയടിയുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ ജിഷ്ണുവിനെ ഉപദേശിച്ചതായും സന്തോഷത്തോടെ പോയ കുട്ടി പിന്നീട് ജീവനൊടുക്കുകയായിരുന്നെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. ജിഷ്ണുവിന്‍റെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ പാന്പാടി നെഹ്റു കോളജിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. ഇടത് വിദ്യാർഥി സംഘടനകൾ ചെയർമാൻ പി.കൃഷ്ണദാസ് അടക്കമുള്ളവരെ ഉപരോധിച്ചു.