കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് കലാപവും അരാജകത്വവും സൃഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ ട്രേഡ് യൂണിയന്‍ സൌഹൃദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ പ്രശ്നങ്ങള്‍പോലും കുത്തിപ്പൊക്കി സംസ്ഥാനത്തെ സമാധാന അന്തരീക്ഷവും ജീവിതസുരക്ഷയും തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യം. ഇതിന് കോണ്‍ഗ്രസ്സും കൂട്ടുനില്‍ക്കുന്നു. ഇതിനുവേണ്ടിയാണ് ലോ അക്കാദമി സമരത്തിന്റെ പേരില്‍ തലസ്ഥാന നഗരിയില്‍ ഇരുകൂട്ടരും ചേര്‍ന്ന് സമരനാടകവും പേക്കൂത്തുകളും നടത്തിയത്. രാജ്യം നേരിടുന്ന രൂക്ഷമായ വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉല്‍പാദന മേഖല കൈയടക്കിയിട്ടുള്ള വന്‍കിട കോര്‍പറേറ്റുകളാണ് വില നിയന്ത്രിക്കുന്നത്. രാജ്യത്ത് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതും അവരാണ്. പക്ഷേ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യും. ഉല്‍പാദകരില്‍നിന്ന് നേരിട്ട് ഉല്‍പന്നങ്ങള്‍ സംഭരിച്ച് സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യും. കാര്‍ഷിക മേഖലയിലും ആരോഗ്യ മേഖലയിലും പുതിയ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.