ഭൂമി പ്രശ്നം: നിയമസഭാ സമിതിയെ ചുമതലപ്പെടുത്തണമെന്ന് പി.സി. ജോർജ് കോട്ടയം: വൻകിട എസ്റ്റേറ്റ് കന്പനികളും വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന സർക്കാർ ഭൂമിയുടെ വിശദാംശം അന്വേഷിക്കാനും തിരിച്ചുപിടിക്കാനും നിയമസഭാ സമിതിക്കു രൂപം നൽകണമെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്.ആയിരക്കണക്കിനു ഏക്കർ ഭൂമിയാണ് സ്വകാര്യ ഭൂമിയായി മാറ്റിയിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചികിത്സാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനുമായി വ്യവസ്ഥകളോടെ നൽകിയ ഭൂമി വരെ വാണിജ്യാവശ്യങ്ങൾക്കും സ്വകാര്യനിർമിതികൾക്കുമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഭൂരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി കിടക്കുന്പോൾ ഈ ദുരുപയോഗം അനുവദിക്കരുത്. അടിയന്തരമായി നിയമസഭാ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയെ സമീപിക്കുമെന്നു ജോർജ് പ്രസ്താവനയിൽ പറഞ്ഞു.