തൃശൂർ: വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതിരേ സർക്കാർ മാത്രമല്ല, തൊഴിലാളികളും സമൂഹവും ജാഗ്രത പുലർത്തണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദേശീയ കള്ളുചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം മുണ്ടശേരി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നും വ്യാജമദ്യവും വലിയ വിപത്താണ്. അവ നാടിന് ആപത്തായി മാറാതിരിക്കാനും പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാനും എല്ലാവരും ജാഗ്രത പുലർത്തണം. മദ്യശാലകളുടെ എണ്ണം കുറയ്ക്കുകയും വീര്യംകൂടിയ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നതിനെതിരേയുള്ള പ്രധാന ഭീഷണി അതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യം വിറ്റ് വരുമാനമുണ്ടാക്കാമെന്നു യുഡിഎഫ് സർക്കാർ ആഗ്രഹിച്ചിട്ടില്ല. വരുമാനത്തിന്റെ രണ്ടിരട്ടി നഷ്ടമാണുണ്ടാകുക. ആരോഗ്യരംഗത്തും വാഹനാപകടങ്ങളിലുടെയും മറ്റും ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. വീര്യംകൂടിയ മദ്യത്തിന്റെ അളവു കുറയ്ക്കുക, പരമ്പരാഗത പാനീയമായ കള്ളിനെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദയഭാനു കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചാണു യുഡിഎഫ് സർക്കാർ മദ്യനയം നടപ്പാക്കിയിരുന്നത്. മദ്യശാലകൾ ഘട്ടംഘട്ടമായി അടയ്ക്കുകയെന്ന നയം എൽഡിഎഫ് സർക്കാർ പിന്തുടർന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. അഴകേശൻ അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, ജനറൽ കണ്‍വീനർമാരായ കെ.കെ. പ്രകാശൻ, എൻ.ആർ. രാമചന്ദ്രൻ എന്നിവരും വി.ആർ. വിജയൻ. ടി.എം. കൃഷ്ണൻ, കെ.ആർ. മോഹനൻ, വി.എസ്. അജിത്കുമാർ തുടങ്ങിയവരും പ്രസംഗിച്ചു.