തിരുവനന്തപുരം: ലോ അക്കാദമി യിൽ 29 ദിവസം നീണ്ടുനിന്ന സമരത്തിന് ഫലമുണ്ടായി . സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്.ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി, പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്‌മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്‍റെ നിയമനമെന്നും കരാറില്‍ പറയുന്നു.വിദ്യാർഥികൾ സമരം പിൻവലിച്ചതിനെ തുടർന്ന് കെ. മുരളീധരൻ എംഎൽഎയും ബിജെപി നേതാവ് വി.വി.രാജേഷും നിരാഹാര സമരം പിൻവലിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29–ാം ദിവസത്തിലേക്കു കടന്നതോടെയാണ് വിദ്യാർഥികളുമായി ചർച്ചയ്ക്ക് സർക്കാർ തയാറായത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് വിദ്യാർഥികൾ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.