തിരുവനന്തപുരം: ലോ അക്കാഡമിക്കു സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന്റെ റിപ്പോർട്ട്. സർക്കാർ നൽകിയ സ്ഥലം വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ, ബാങ്ക് എന്നിവ അക്കാഡമിക്കായി നൽകിയ സ്ഥലത്തു പ്രവർത്തിക്കുന്നു. മാനേജ്മെന്റ് അധികൃതർക്കുള്ള വീടുകളും നിർമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ സ്ഥലം വാണിജ്യാവശ്യത്തിനായി ക്രമവിരുദ്ധമായി ഉപയോഗിച്ചെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ശരിവച്ചാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോർട്ടിൽ തുടർ നടപടികളെക്കുറിച്ച് ശിപാർശകളില്ലെന്നാണു വിവരം. സ്ഥലം ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ തലത്തിൽ തീരുമാനിക്കേണ്ടിവരും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോ അക്കാഡമിക്ക് നോട്ടീസ് നൽകിയേക്കും. വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാൽ സർക്കാരിനു സ്ഥലം തിരിച്ചെടുക്കാമെന്നാണു വ്യവസ്ഥ. ഇതിന്റെ ആദ്യപടിയായി നോട്ടീസ് നൽകും. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ലോ അക്കാഡമി സമരത്തെക്കുറിച്ചു ചർച്ച നടക്കുമെങ്കിലും റവന്യു സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണനയ്ക്കു വരില്ലെന്നാണു സൂചന. സർക്കാർ നിശ്ചിത ഉദ്ദേശ്യത്തിനായി നൽകുന്ന സ്ഥലത്തിന്റെ 10 ശതമാനം വരെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ പ്രശ്നമില്ലെന്ന വ്യവസ്ഥ സമീപകാലത്ത് ഐടി പാർക്കുകൾക്കും മറ്റുമുള്ള വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു തങ്ങൾക്കും ബാധകമാക്കണമെന്ന നിലപാടാണ് മാനേജ്മെന്റ് ഉയർത്തുന്നത്. അതുകൊണ്ടുതന്നെ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ച സ്ഥലത്തിന്റെ അളവ് പരമാവധി കുറച്ചുകാണിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നത്. അവിടെ പ്രവർത്തിക്കുന്ന ഹോട്ടലും ബാങ്കും കുട്ടികൾക്കു വേണ്ടിയുള്ളതാണെന്നാണ് മാനേജ്മെന്റ് വാദം. എന്നാൽ, ഇതു രണ്ടും പൊതുജനങ്ങളെ ലക്ഷ്യമിട്ടു പൊതുവഴിയിൽനിന്ന് പ്രവേശനമുള്ള തരത്തിലാണു നിർമിച്ചിരിക്കുന്നത്. ബാങ്കിലേക്ക് കാമ്പസിൽനിന്നു വഴിയുമില്ല. ഡയറക്ടർ നാരായണൻ നായർക്കും മറ്റു ബന്ധുക്കൾക്കും കാമ്പസ് വളപ്പിൽ വീടുകളുണ്ട്. ഇതെല്ലാം വ്യക്തമായി അടയാളപ്പെടുത്തിയാണ് സർവെ വകുപ്പ് സ്കെച്ച് തയാറാക്കിയത്. ലോ അക്കാഡമിക്ക് 1984ൽ പതിച്ചുകൊടുത്തത് 11.49 ഏക്കർ ഭൂമിയാണ്. ഇതിൽ മൂന്നര ഏക്കറിൽ താഴെ സ്ഥലത്താണു ലോ അക്കാഡമിയും കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. ബാക്കി സ്ഥലത്ത് കാന്റീനും വാണിജ്യ ആവശ്യത്തിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. കുറച്ചു സ്ഥലത്തു വാഴക്കൃഷിയുമുണ്ട്. മൂന്ന് ഏക്കറോളം ഭൂമി വെറുതേ കിടക്കുകയാണെന്നാണു കണ്ടെത്തൽ. ലോ അക്കാഡമിയുടെ ഭൂമി സംബന്ധിച്ച രേഖകൾ റവന്യു വകുപ്പിൽനിന്നു കാണാതായിട്ടുണ്ട്. 1984 നു മുമ്പുള്ള രേഖകളാണു കാണാതായത്. കെ. കരുണാകരൻ സർക്കാർ പതിച്ചു നൽകിയ രേഖകൾ മാത്രമാണു റവന്യു അധികൃതരുടെ കൈവശമുള്ളത്. വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ലോ അക്കാദമിയുടെ ഭൂമി ഉപയോഗിച്ചാൽ തിരുവനന്തപുരം ജില്ലാ കളക്ടർക്കു ഭൂമി സർക്കാരിലേക്കു തിരികെ എടുക്കാൻ വ്യവസ്ഥയുണ്ട്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മറ്റു പ്രവർത്തനങ്ങൾ നട ത്തിയാലും ഭൂമി ഏറ്റെടുക്കാം.