കൈക്കൂലി വാങ്ങിയത് CCTVകണ്ടു സസ്പെൻഷനും തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്തു വച്ചു പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കും ഡ്രൈവർക്കും സസ്പെൻഷൻ. എൻജിനിയർ ഷഹാനാബീഗം, ഡ്രൈവർ എ.ജെ. പ്രവീണ്‍ കുമാർ എന്നിവരെയാണ് സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തത്. മന്ത്രി ജി. സുധാകരന്റെ നിർദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ മൂന്നിന് വൈകുന്നേരം 5.30 ഓടെ സെക്രട്ടേറിയറ്റിലെ ഫയർ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിനായി എത്തിയപ്പോഴാണ് എൻജിനിയർ ആരും കാണില്ലെന്ന വിശ്വാസത്തിൽ കൈക്കൂലി വാങ്ങിയത്. എന്നാൽ, എല്ലാം ഒപ്പിയെടുക്കുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുമെന്ന് ഇരുകൂട്ടരും കരുതിയില്ല. കോണ്‍ട്രാക്ടറിൽ നിന്ന് എൻജിനിയർ കൈക്കൂലി വാങ്ങി എന്ന പരാതി മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ നിന്നാണ് സെക്രട്ടേറിയറ്റ് വളപ്പിലെ സിസിടിവിയിൽ നിന്നു തെളിവുകൾ ലഭിക്കുന്നത്. കോണ്ട്രാക്ടർ പരസ്യമായി പണം എക്സിക്യൂട്ടീവ് എൻജിനിയറുടെ കാറിനകത്തേക്കു നൽകുന്നതും മറ്റൊരാൾ ഡ്രൈവർക്കു പണം നൽകുന്നതും ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കൈക്കൂലി നൽകിയ കോണ്ട്രാക്ടർ സിജോ, കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എൻജിനിയർ, ഡ്രൈവർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാൻ വിജിലൻസിനു മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കാനും ഉത്തരവിട്ടു. ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന്റെ പ്രവർത്തനത്തെപ്പറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകാനും പൊതുമരാമത്ത് വിജിലൻസിനോടു മന്ത്രി നിർദേശിച്ചു.