മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍ക്ക് ട്രെക്കർ ടെമ്പോ ജീവനക്കാരുടെമർദനം

നെയ്യാറ്റിന്‍കര: സമാന്തര സര്‍വീസുകള്‍ പിടികൂടാനായി ഡെപ്യൂട്ടി ട്രാസ്‌പോര്‍ട്ട് കമ്മീഷണര്‍ ചുമതലപ്പെടുത്തിയ മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍ക്ക് ട്രെക്കർ ടെമ്പോ ജീവനക്കാരുടെമർദനം മര്‍ദ്ദനം. ആറ്റിങ്ങല്‍ ആര്‍ടി ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശങ്കരപ്പിള്ള (43), അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഫിറോസ് (39), ബിജു തുടങ്ങിയവരെയാണ് സിഐടിയു ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ആറ്റിങ്ങല്‍ ആര്‍ടി ഓഫീസില്‍ നിന്ന് വാഹനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട മൂന്നംഗസംഘം പാറശാല മുതല്‍ തിരുവനന്തപുരം വരെയുള്ള സമാന്തര സര്‍വീസുകള്‍ പരിശോധിക്കവെ അമരവിളയില്‍ നിന്നും ഉദിയന്‍കുളങ്ങരയില്‍ നിന്നും വേണ്ടത്ര രേഖകളൊന്നുമില്ലാതെ ഓടുന്ന രണ്ട് സമാന്തര വാഹനങ്ങള്‍ പിടികൂടി. ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു. തുടര്‍ന്ന് വീണ്ടും വാഹനപരിശോധനയ്ക്കായി പുറപ്പെട്ട സംഘത്തെ അമരവിള പാലത്തിനു സമീപത്ത് പത്തോളം വരുന്ന സിഐടിയു ഗുണ്ടകള്‍ തടിയും കുറുവടിയും കമ്പികളുമായെത്തി ജീവനക്കാരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് അക്രമാസക്തരായ സംഘം അസഭ്യം വിളിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടെങ്കിലും അവരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമി സംഘം വിരട്ടി ഓടിച്ചു. വിവരമറിഞ്ഞ് നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരെയും വാഹനത്തെയും സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ജീവനക്കാരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍ പറഞ്ഞു.