എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക്. ഇന്ന് ചേർന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. അടുത്തയാഴ്ച തന്നെ ചിന്നമ്മയുടെ സത്യപ്രതിജ്ഞ ഉണ്ടാകും. പാർട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നിൽ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീർശെൽവം യോഗശേഷം പറഞ്ഞു. പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് പനീർശെൽവവും മന്ത്രിമാരും പോയസ് ഗാർഡനിൽ എത്തി ചിന്നമ്മയുമായി രണ്ടരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പനീർശെൽവം ഉൾപ്പടെയുള്ള മന്ത്രിമാർ ശശികലയോട് ആവശ്യപ്പെട്ടു. പിന്നീട് നടന്ന നിയമസഭാ കക്ഷി യോഗം അരമണിക്കൂർ മാത്രമാണ് നീണ്ടുനിന്നത്. ഇതിന് പിന്നാലെ പ്രഖ്യാപനവും വന്നു. . ജയലളിതയുടെ വിശ്വസ്തയും സർക്കാർ ഉപദേഷ്ടാവുമായിരുന്ന മലയാളി ഷീല ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ കഴിഞ്ഞ ദിവസം സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. 2012ൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ശേഷമാണ് അവർ ജയലളിതയുടെ ഉപദേശകയായത്. ഷീലയെ കൂടാതെ കെ.എൻ. വെങ്കടരമണൻ, രാമലിംഗ എന്നീ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം രാജിവയ്പ്പിച്ചതു പനീർശെൽവമായിരുന്നെങ്കിലും തീരുമാനം ശശികലയുടേതായിരുന്നുവെന്ന് ഇതോടെ ബോധ്യമായി.