ഇന്ത്യയുടെ ഭാഗമാണ് കേരളമെന്ന കാര്യം ബജറ്റിലൂടെ കേന്ദ്രം മറന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇതുവരെ നേടിയെടുത്ത നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ പിന്തുണ നൽകാൻപോലും കേന്ദ്രസർക്കാർ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കണ്ണൂർ ടൗണ് സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി.നോട്ട് പിൻവലിച്ചതിനെ തുടർന്നു ദേശീയരംഗത്തുണ്ടായ സാമ്പത്തിക മുരടിപ്പു മറികടക്കാനുള്ള ഒരു നടപടിയും ഇന്നലെ കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റിലില്ല. കേരളത്തിന്റെ സമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കുവച്ച സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള സൗകര്യവും സ്വാതന്ത്ര്യവും ബജറ്റിലില്ല. ഇക്കാര്യത്തിൽ ഇപ്പോഴും നിഷേധാത്മക നിലപാടിലാണ് കേന്ദ്രം. കറൻസി നിരോധനത്തോടെ വിവിധ മേഖലകളിൽ വലിയ തോതിലുള്ള മരവിപ്പാണ്. ഇത്തരം പ്രതിസന്ധി മറികടക്കുന്നതിനുള്ള ഒരു സമീപനവും ബജറ്റിന്റെ ഭാഗമായി വന്നില്ല. തൊഴിലുറപ്പ് പദ്ധതികളിൽ പോലും ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാനായില്ല. സംസ്ഥാന സർക്കാരുകളുടെ വിഭവശേഷി വർധിപ്പിക്കുന്നതിന് വായ്പാപരിധി വർധിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല. നിലവിലുള്ള വായ്പാപരിധി മൂന്നുശതമാനത്തിൽനിന്ന് നാലുശതമാനമാക്കി ഉയർത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല ഇക്കാര്യം പരിഗണിക്കാൻ പോലും കേന്ദ്രസർക്കാർ തയാറായില്ല. റബർകർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും നടപടി ഉണ്ടായില്ല. വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു.കാർഷിക വിളകളെ സംരക്ഷിക്കുന്നതിനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല. നിലവിലുള്ള കേന്ദ്രപദ്ധതികൾക്കു പേരിനു തുക വകയിരുത്തിയതൊഴിച്ചാൽ ഫലപ്രദമായ ഒരു പദ്ധതിയും ബജറ്റിലില്ല. ചില വൻകിട പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അതിലൊന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ല. ലോകംതന്നെ അംഗീകരിച്ച ഹരിത കേരളം പദ്ധതിയെ കേന്ദ്രം പൂർണമായും അവഗണിച്ചു. നിലവിലുള്ള പ്രതിസന്ധികൾക്ക് ആക്കം കൂട്ടുന്ന വിധത്തിലാണു ബജറ്റിലെ നിർദേശങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക വിളകൾക്കു ഫലപ്രദമായ വില ലഭ്യമാക്കുന്നതിനു സംസ്ഥാന സർക്കാർ ചില നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു . ചില കർഷകർ അനുഭവിക്കുന്ന പട്ടയപ്രശ്നങ്ങളിൽ സമയബന്ധിതമായി തീരുമാനമുണ്ടാക്കും. വിഷമം അനുഭവിക്കുന്ന കർഷകർക്കായി ചില പ്രത്യേക പദ്ധതികൾക്കും സംസ്ഥാന സർക്കാർ രൂപം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജൻ, ബിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ്, കെ.വി. രാമകൃഷ്ണൻ, മന്ത്രി എം.എം. മണി, കെ.എം. ബാലഗോപാലൻ, എസ്.കെ. പ്രീത, എം. വിനയകുമാർ, പി. ജയരാജൻ, കെ.പി. സഹദേവൻ, കെ.കെ. രാഗേഷ് എംപി, എം.വി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.