തിരുവനന്തപുരം: ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ മാറ്റിയെങ്കിലും എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകളുടെ സമരം തുടരുകയാണ്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു സ്ഥലം എംഎൽഎ കൂടിയായ കോണ്ഗ്രസ് നേതാവ് കെ.മുരളീധരൻ ഇന്നു മുതൽ അനിശ്ചിതകാല നിരാഹാരമിരിക്കും. വിദ്യാർഥിയെ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചതിനു ലക്ഷ്മി നായർക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത സാഹചര്യത്തിൽ ലക്ഷ്മിയെ അറസ്റ്റുചെയ്യണമെന്നു കെ. മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമരരംഗത്തേയ്ക്കു മുരളീധരൻ കൂടി എത്തുന്നതോടെ ലോ അക്കാഡമിയിലെ വിദ്യാർഥി സമരം കൂടുതൽ സങ്കീർണമാകുകയാണ്.ഇന്നലെ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലും ലോ അക്കാഡമിക്കു മുമ്പിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം പോലീസാണു പ്രകോപിതരായതെങ്കിൽ ഇന്നലെ പോലീസിനു നേരെ ശക്തമായ ആക്രമണമുണ്ടായി. എസ്എഫ്ഐ സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ ഇന്നു മുതൽ ക്ലാസ് തുടങ്ങുമെന്നു മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളെത്തിയാൽ സമരക്കാർ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ പോലീസിനും മാനേജ്മെന്റിനും ആശങ്കയുണ്ട്.