തിരുവനന്തപുരം : ലോ അക്കാഡമി പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാനാകാത്തതിൽ സർക്കാരിലും സിപിഎമ്മിലും അസ്വാരസ്യം. സമരം ഇരുപതു ദിവസം പിന്നിടുമ്പോഴും വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം കാണിക്കുന്ന നിസംഗതക്കെതിരെ പാർട്ടിയിൽ തന്നെ ശക്തമായ വിമർശനം രൂപപ്പെട്ടിരിക്കുകയാണ്. ലോ കോളജിൽ നടക്കുന്നതു കേവലം വിദ്യാർഥി സമരം മാത്രമാണെന്നു പറഞ്ഞു സംഭവത്തെ നിസാരവത്കരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിൽ എസ്എഫ്ഐ നേതൃത്വവും അതൃപ്തരാണ്. സമരത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്നു സർക്കാരും പാർട്ടിയും ഒരുപോലെ പറയുമ്പോഴും മറുവശത്തു സമരം ഒത്തുതീർക്കാൻ ഒരു നീക്കവും ബന്ധപ്പെട്ടവർ നടത്താത്തതിലുള്ള പ്രതിഷേധവും ഉയരുന്നു. വിദ്യാർഥി സമരം ബിജെപി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയതും സിപിഎം നേതൃത്വത്തിന്റെ പിടിപ്പുകേടായാണു പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾ കാണുന്നത്.ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നു കേരള സർവകലാശാല സിൻഡിക്കറ്റ് കണ്ടെത്തിയിട്ടും അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ കഴിയാത്തതു സിപിഎമ്മുമായുള്ള അവരുടെ ബന്ധം മൂലമാണെന്നു വ്യക്തമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ ജ്യേഷ്ഠൻ നാരായണൻ നായരുടെ മകളാണു ലക്ഷ്മി നായർ. ഈ ബന്ധമാണു ലക്ഷ്മി നായരുടെ പ്രിൻസിപ്പൽ കസേരയ്ക്കുള്ള സംരക്ഷണം. ഇടതുമുന്നണി അധികാരത്തിൽ വന്ന നാൾമുതൽ വിവാദങ്ങൾ ഇടവിടാതെ സർക്കാരിനെ പിന്തുടരുകയാണ്. മുഖ്യമന്ത്രിയുടെ പല നിലപാടുകളിലും സിപിഐ കടുത്ത അമർഷത്തിലാണ്. ഇതിനിടെയാണു ലോ അക്കാഡമി വിഷയവും സർക്കാരിനു തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ രാജിവയ്ക്കുക, അനധികൃതമായി അക്കാഡമി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ തിരിച്ചെടുക്കുക എന്നീ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചാണു രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാർഥികൾ സമരം ചെയ്യുന്നത്. ഇതിൽ പ്രിൻസിപ്പൽ ലക്ഷമി നായർക്കെതിരേ വിദ്യാർഥികൾ ഉന്നയിച്ച ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്നു സിൻഡിക്കറ്റിന്റെ ഉപസമിതിയും കേരള സർവകലാശാല സിൻഡിക്കറ്റും കണ്ടെത്തിയതാണ്. പ്രിൻസിപ്പൽ രാജിവച്ചാൽ വിദ്യാർഥി സമരം അവസാനിച്ചേക്കും. എന്നാൽ, സിപിഎം നേതൃത്വം ഇപ്പോഴും ലക്ഷ്മി നായരുടെ രാജിക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പ്രിൻസിപ്പലിന്റെ രാജി കൊണ്ടു തീർക്കാവുന്ന സമരം ഇപ്പോൾ ഭൂ പ്രശ്നത്തിലേയ്ക്കും എത്തിനിൽക്കുകയാണ്. മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ ഭൂ പ്രശ്നം ഏറ്റെടുത്തതോടെ വിദ്യാർഥി സമരത്തിനു മറ്റൊരു മാനംകൂടി വന്നിരിക്കുന്നു. ഇനിയിപ്പോൾ രാഷ്ട്രീയ സമർദത്തെത്തുടർന്നു ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചാലും അക്കാഡമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന പതിനൊന്നേക്കറോളം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതിനു സമാന്തരമായി നടക്കും. വി.എസും സിപിഐയും ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ റവന്യു മന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു. ഇതോടെ സർക്കാർ ലോ അക്കാഡമി വിഷയത്തിൽ കൂടുതൽ സമർദത്തിലായി. ലോ അക്കാഡമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപിയും സമരത്തിനൊരുങ്ങുകയാണ്. ഇവിടെയാണു സർക്കാരും സിപിഎമ്മും വിയർക്കുന്നത്. വിദ്യാർഥിസമരത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നു സിപിഎം കൂടെക്കൂടെ പറയുന്നുണ്ടെങ്കിലും സമരരംഗത്തെ അവരുടെ സജീവ സാന്നിധ്യം പാർട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി.മുരളീധരൻ വിദ്യാർഥി സമരത്തിന് അഭിവാദ്യം അർപ്പിച്ചു ലോ അക്കാഡമിക്കു മുന്നിൽ ഉപവാസ സമരം നടത്തുന്നതും അദ്ദേഹത്തെ കാണാൻ സമരപ്പന്തലിലെത്തുന്നവരുടെ എണ്ണവും കൂടി കാണുമ്പോൾ സിപിഎമ്മിനു നെഞ്ചിടി പ്പ് കൂടുകയാണ്. ഇതിനിടെയാണു സർക്കാരിനും പാർട്ടിക്കും പ്രതിസന്ധി സൃഷ്ടിച്ച് അക്കാഡമിയുടെ ഭൂ പ്രശ്നത്തിൽ വി.എസിന്റെ ഇടപെടൽ. പ്രിൻസിപ്പലിന്റെ രാജിയോടെ ലോ അക്കാഡമിയിലെ വിദ്യാർഥി സമരം അവസാനിച്ചാലും ഭൂ പ്രശ്നം ഉയർത്തി മറ്റൊരു സമരവുമായി പ്രതിപക്ഷം സർക്കാരിനെതിരെ തിരിയാനാണു സാധ്യത. വിഷയത്തിൽ നിയമപരമായ കുരുക്കുകൾ ഉള്ളതിനാൽ അതു നിയമത്തിന്റെ വഴിക്കു പൊയ്ക്കൊള്ളുമെന്ന ധാരണയും സിപിഎമ്മിനുണ്ട്. എന്നാൽ, ഒരിടവേളയ്ക്കു ശേഷം പാർട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിക്കാൻ കിട്ടിയ അവസരമായി ലോ അക്കാഡമിയിലെ ഭൂ പ്രശ്നത്തെ വി.എസ് ഉപയോഗപ്പെടുത്തുകയാണ്. ഈ വിഷയത്തിൽ പാർട്ടിയും വിഎസും രണ്ടു വഴിക്കു നീങ്ങിയാൽ അതു സിപിഎമ്മിൽ വീണ്ടും വിഭാഗീയതയ്ക്കു കളമൊരുക്കും. ഇങ്ങനെയൊരു സാഹചര്യം വന്നുചേർന്നാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പാർട്ടി നേതൃത്വത്തേയും ചിന്തിപ്പിക്കുന്നത