തിരുവനന്തപുരം• എടിഎമ്മുകള് വഴിയുള്ള 500 രൂപ നോട്ടുകളുടെ വിതരണം വൈകും. നിലവില് എടിഎമ്മുകളില് പുത്തന് 500 രൂപ നോട്ടുകള് ലഭ്യമാക്കുന്നതിനു സാങ്കേതിക സംവിധാനങ്ങളില്ലാത്തതാണു കാരണം. ഓരോ എടിഎമ്മിലും അധികൃതര് നേരിട്ടെത്തി സജ്ജീകരണങ്ങള് ഒരുക്കിയാലേ പുത്തന് 500 രൂപ നോട്ട് അവയിലൂടെ വിതരണം ചെയ്യാന് സാധിക്കൂ. ഇതിനു ദിവസങ്ങള് എടുക്കുമെന്ന് അധികൃതര് തന്നെ അറിയിക്കുന്നു. റിസര്വ് ബാങ്ക് മേഖലാ ആസ്ഥാനത്ത് എത്തിയ 500 രൂപ നോട്ടുകള് ഇന്നു മുതല് ബാങ്ക് കൗണ്ടര് വഴി നല്കുമെന്നാണു കരുതുന്നത്. അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില് സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള് 23നു മുന്പു റിസര്വ് ബാങ്കിലെത്തിക്കാന് ബാങ്കുകളോടു നിര്ദേശിച്ചിട്ടുണ്ട്. ഓരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധു നോട്ടെങ്കിലും എത്തിക്കണമെന്നാണു നിര്ദേശം. ഇതിന് ആനുപാതികമായ അളവില് പുതിയ നോട്ടുകള് ലഭിക്കുമെന്നാണു കരുതുന്നത്. നോട്ട് നിരോധനം വന്നതോടെ മിക്ക ബാങ്കുകളുടെയും ബജറ്റില് നിക്ഷേപത്തിനു നിശ്ചയിച്ചിരുന്ന ലക്ഷ്യം ഇതിനകം കൈവരിച്ചിട്ടുണ്ട്. 2017 മാര്ച്ച് വരെയുള്ള സമയപരിധിക്കുള്ളില് എത്തേണ്ട നിക്ഷേപമാണു നവംബറില് തന്നെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്ബത്തികവര്ഷം പല ബാങ്കുകളും മാര്ച്ചിലും നിക്ഷേപലക്ഷ്യം പൂര്ത്തിയാക്കിയിരുന്നില്ല. പ്രവാസി നിക്ഷേപങ്ങള് മാത്രമാണു ലഭിച്ചത്.